നിപ്പ: രണ്ടാംഘട്ട വ്യാപനത്തിന് സാധ്യത ഇല്ലെന്ന് സര്‍ക്കാര്‍

നിപ്പാ വൈറസ് ബാധ രണ്ടാംഘട്ടത്തിൽ വ്യാപിക്കാൻ ഇടയില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ നിയമസഭയിൽ പറഞ്ഞു. വിഷയത്തിൽ നടന്ന അടിയന്തരപ്രമേയ ചർച്ചയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.നിപ്പാ വൈറസ് ബാധ വളരെ പെട്ടന്ന് കണ്ടുപിടിച്ചതിനാൽ പടരുന്നതിന്‍റെ തോത് കുറയ്ക്കാൻ സാധിച്ചു. വലിയ ഭീതിക്ക് ഇനി അടിസ്ഥാനമില്ല. വൈറസ് ബാധ നിയന്ത്രണ വിധേയമാണ്. കഴിഞ്ഞ ദിവസങ്ങളിൽ ഒന്നും പുതിയതായി രോഗലക്ഷണത്തോടെ ആരും ചികിത്സ തേടിയിട്ടില്ലെന്നും ഇത് ശുഭസൂചനയാണെന്നും മന്ത്രി പറഞ്ഞു.

വൈറസ് ബാധ നിയന്ത്രണവിധേയമാണെങ്കിലും ജൂണ്‍ അവസാനം വരെ നല്ല ജാഗ്രത വേണമെന്നും സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിപ്പാ വൈറസ് ബാധയുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച 13 പേർക്കെതിരേ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.

അതേസമയം നിപ്പാ വൈറസുമായി ബന്ധപ്പെട്ട് തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് തടയാൻ സർക്കാരിനായില്ലെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിപ്പയുടെ പേരിൽ ചിലർ അനാവശ്യമായി ഭീതിപരത്തുകാണെന്നും ഇത് ബോധപൂർവം സൃഷ്ടിക്കുന്നതാണെന്നും പ്രതിപക്ഷ ഉപനേതാവ് എം.കെ.മുനീർ കുറ്റപ്പെടുത്തി.

error: Content is protected !!