യൂ. ജി.സി പിരിച്ചുവിടാന്‍ കേന്ദ്ര തീരുമാനം

യൂണിവേഴ്സിറ്റി ഗ്രാന്‍റ് കമ്മീഷന്‍ പിരിച്ചുവിടാന്‍ കേന്ദ്ര തീരുമാനം. പകരം ഉന്നത വിദ്യാഭ്യാസ കമ്മീഷന്‍ രൂപീകരിക്കും. 1956 ലെ യൂണിവേഴ്സിറ്റി ഗ്രാന്‍റ് കമ്മിഷൻ നിയമം പിന്‍വലിക്കും. ഉന്നത വിദ്യാഭ്യാസ കമ്മിഷൻ രൂപീകരിക്കാനുള്ള കരട് നിയമം മാനവവിഭവ ശേഷി മന്ത്രാലയം പുറത്തിറക്കി. പുതിയ കമ്മിഷനിൽ ചെയര്‍മാനെയും വൈസ് ചെയര്‍മാനെയും കൂടാതെ 12 അംഗങ്ങളുണ്ടാകും .എല്ലാവരെയും കേന്ദ്ര സര്‍ക്കാര്‍ നിയമിക്കും . വിവിധ മന്ത്രാലയങ്ങളുടെ സെക്രട്ടറിമാരും കമ്മിഷനിൽ അംഗങ്ങളാകും . യുജിസിയെപ്പോലെ ഗ്രാന്‍റ് അനുവദിക്കാന്‍ പുതിയ കമ്മിഷനാകില്ല. മന്ത്രാലയം നേരിട്ടാകും ഗ്രാന്‍റ് അനുവദിക്കുക.

ഉന്നത വിദ്യാഭാസത്തിന്‍റെ നിലവാരം ഉയര്‍ത്തൽ മാത്രാകും ഉന്നത വിദ്യാഭ്യാസ കമ്മിഷന്‍റെ ചുമതല. പുതിയ കമ്മിഷൻ നിലവിൽ വരുന്നതോടെ ഉന്നത വിദ്യാഭ്യാസ രംഗത്തെ ഇന്‍സ്പെക്ഷൻ രാജ് അവാസനിക്കുമെന്നാണ് മാനവവിഭവശേഷി മന്ത്രി പ്രകാശ് ജാവ്ദേക്കര്‍ പറയുന്നത്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കൂടുതൽ സ്വയം ഭരണാധികാരം കിട്ടാനിടയാക്കുമെന്നാണ് മന്ത്രിയുടെ വാദം . മാനവവിഭവ ശേഷി മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള കരടിന്മേൽ ജൂലൈ 7 വരെ അഭിപ്രായവും നിർദ്ദേശവും രേഖപ്പെടുത്താം.

error: Content is protected !!