ബിജെപിക്ക് വോട്ട് ചെയ്യാത്തവരെ കയ്യും കാലും കെട്ടി പോളിങ് ബൂത്തില്‍ എത്തിക്കും; ബി എസ് യെദ്യൂരപ്പ

കര്‍ണാടകയില്‍ ബിജെപിക്ക് വോട്ട് ചെയ്യില്ലെന്ന് പറയുന്നവരുടെ കയ്യും കാലും കെട്ടി പോളിങ് ബൂത്തില്‍ എത്തിക്കുമെന്ന് ബി എസ് യെദ്യൂരപ്പ. ബെലഗാവിയില്‍ തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു പ്രവര്‍ത്തകര്‍ക്ക് യെദ്യൂരപ്പയുടെ വിവാദമായ നിര്‍ദേശം നല്‍കിയത്. പ്രസ്താവന വിവാദമായതോടെ സ്‌നേഹത്തോടെ കൊണ്ടുവരലാണ് താന്‍ ഉദ്ദേശിച്ചതെന്ന് യെദ്യൂരപ്പ പിന്നീട് വ്യക്തമാക്കി.

ബെലഗാവിയിലെ കിട്ടൂർ മണ്ഡലത്തിൽ സ്ഥാനാർത്ഥി മഹന്തേഷിന് വോട്ടുചോദിക്കുകയായിരുന്നു ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി.സിദ്ധരാമയ്യയെയും കോൺഗ്രസിനെയൊക്കെ വിമർശിച്ച് പ്രസംഗത്തിന്റെ അവസാനഭാഗത്തെത്തിയപ്പോഴായിരുന്നു പ്രവർത്തകരെ ഉത്സാഹികളാക്കാനുളള നിർദേശം. അടുത്ത അഞ്ചാറ് ദിവസം വീടുകളിലെല്ലാം കയറണം. മെയ് പന്ത്രണ്ടിന് മഹന്തേഷിന് വോട്ടു ചെയ്യാൻ തയ്യാറല്ലാത്തവർ ഉണ്ടെങ്കിൽ, കയ്യും കാലും കെട്ടി പോളിങ് ബൂത്തിൽ എത്തിക്കണമെന്ന് യെദ്യൂരപ്പ പറഞ്ഞു.

ആവേശത്തിൽ അണികൾ കയ്യടിച്ചെങ്കിലും യെദ്യൂരപ്പ പെട്ടു. വോട്ടർമാരെ ഭീഷണിപ്പെടുത്തിയെന്ന് പഴിയും കേട്ടു. തോൽവി ഉറപ്പിച്ചതുകൊണ്ട് തരംതാണ അടവുകൾ പയറ്റാൻ ഒരുങ്ങുകയാണ് ബിജെപിയെന്നും അതിന്‍റെ സൂചനയാണ് യെദ്യൂരപ്പയുടെ പ്രസ്താവനയെന്നും കോൺഗ്രസ് വിമർശിച്ചു. ഇതോടെ പ്രധാനമന്ത്രി കൂടി പങ്കെടുത്ത ശിവമോഗയിലെ റാലിയിൽ യെദ്യൂരപ്പ വിശദീകരണം നൽകി.

error: Content is protected !!