തൃശൂരില്‍ പെട്രോള്‍ പമ്പില്‍ യുവാവിനെ ചുട്ടുകൊല്ലന്‍ ശ്രമം

തൃശൂരില്‍ കൊടകരയ്ക്കടുത്ത് കോടാലി ശ്രീദുര്‍ഗ പെട്രോള്‍ പമ്പിലാണു സംഭവം. പെട്രോള്‍ നിറച്ച ശേഷം ബൈക്ക് മാറ്റാന്‍ വൈകിയതിന്റെ പേരിലുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് യുവാവിന് നേരെ വധശ്രമമുണ്ടായത്. തീപടര്‍ന്ന ശരീരവുമായി യുവാവ് തൊട്ടടുത്തുള്ള തോട്ടില്‍ ചാടി. 25% പൊള്ളലേറ്റ മുപ്ലിയം മാളൂക്കാടന്‍ ദിലീപിനെ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഒട്ടേറെ കേസുകളില്‍ പ്രതിയായ ഒന്‍പതിങ്ങല്‍ വട്ടപ്പറമ്പില്‍ വിനീത് എന്ന കരിമണി വിനീതാണ് ദിലീപിനു നേരെ തീകൊളുത്തിയത്. പെട്രോളടിക്കാനെത്തിയ ദിലീപിന് രണ്ടായിരം രൂപയുടെ ബാക്കി പത്തുരൂപാ നോട്ടുകളായാണു ലഭിച്ചത്. ഇത് എണ്ണിത്തിട്ടപ്പെടുത്താന്‍ സമയമെടുത്തപ്പോള്‍ പിന്നില്‍ ക്യൂ നിന്നിരുന്ന വിനീതുമായി തര്‍ക്കമുണ്ടാവുകയായിരുന്നു. വിനീത് ഇതിനിടെ കുപ്പിയില്‍ പെട്രോള്‍ വാങ്ങി ദിലീപിന്റെ ദേഹത്തേക്ക് ഒഴിച്ചു ലൈറ്റര്‍ ഉപയോഗിച്ചു കത്തിക്കുകയായിരുന്നു.

പമ്പ് ജീവനക്കാരുടെ ഇടപെടലിലാണ് വന്‍ ദുരന്തം ഒഴിവായത്. പമ്പിലേക്കു തീ പടരാതെ തീയണയ്ക്കാനായതിനാല്‍ വലിയ അപകടം ഒഴിവായി. ബൈക്ക് പൂര്‍ണമായും കത്തിനശിച്ചു. സംഭവത്തെ തുടര്‍ന്ന് ഒളിവില്‍ പോയ വിനീതിനായി പൊലീസ് തിരച്ചില്‍ തുടങ്ങി

error: Content is protected !!