ബാബുവിനെ കൊലപ്പെടുത്തിയത് പത്തംഗ ആര്‍എസ്എസ് ക്രിമിനല്‍ സംഘം

മാഹിയില്‍ സിപിഎം പ്രവര്‍ത്തകന്‍ ബാബുവിനെ കൊലപ്പെടുത്തിയത് പത്തംഗ ആര്‍എസ്എസ് ക്രിമിനല്‍ സംഘം. ബൈക്കില്‍ വരികയായിരുന്ന ബാബുവിനെ ഓട്ടോയിലെത്തിയ ആര്‍എസ് എസ് സംഘം പതിയിരുന്ന് ആക്രമിക്കുകയായിരുന്നു. ആസുത്രിത കൊലപാതകമായിരുന്നു ഇതെന്നാണ് വിലയിരുത്തല്‍.

ആക്രമിച്ച ശേഷം പ്രതികള്‍ കടന്നുകളഞ്ഞെങ്കിലും ഉടന്‍തന്നെ സിപിഎം ഇതിന് തിരിച്ചടി നല്‍കുകയും ചെയ്തു. പത്തംഗസംഘം നടത്തിയ ആക്രമണത്തിന് തിരിച്ചടി നല്‍കിയത് എട്ടംഗസംഘമെന്നാണ് പൊലീസ് പറയുന്നത്.

ബാബുവിനെ വെട്ടിക്കൊന്നക്കേസില്‍ നാല് പ്രതികളെ പോലീസ് ഇതിനോടകം തിരിച്ചറിഞ്ഞിട്ടുണ്ട്. ആര്‍.എസ്.എസ് പ്രവര്‍ത്തകരായ ഒ.പി രജീഷ്, മസ്താൻ രാജേഷ്, മഗ്നീഷ്, കാരക്കുന്നിൽ സുനി എന്നിവരെയാണ് പോലീസ് തിരിച്ചറിഞ്ഞത്. ഇവരെല്ലാം നേരത്തേയും ക്രിമിനല്‍ക്കേസുകളില്‍ പ്രതികളായിരുന്നവരാണെന്ന് പോലീസ് പറയുന്നു.

ബാബു വധം ആസൂത്രണം ചെയ്തത് ആര്‍എസ്എസ് പ്രാദേശിക നേതാവ് നിത്യാനന്ദന്‍ ആണെന്ന് സിപിഎം ആരോപിക്കുന്നുണ്ട്. എന്നാല്‍ വ്യക്തമായ തെളിവുകള്‍ ലഭിച്ചാല്‍ മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂ എന്ന നിലപാടിലാണ് പോലീസ്. മാഹിയില്‍ വച്ചാണ് ബാബു കൊല്ലപ്പെട്ടത് എന്നതിനാല്‍ പുതുച്ചേരി പോലീസിന് കീഴിലുള്ള മാഹി പോലീസാണ് കേസ് അന്വേഷിക്കുന്നത്. കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ഷമോജും മാഹി സ്വദേശിയാണെങ്കിലും ഇയാളെ കൊലപ്പെടുത്തിയത് കേരളത്തില്‍ വച്ചാണ് എന്നതിനാല്‍ ഇയാളുടെ കൊലപാതകം കേരള പോലീസിന് കീഴിലുള്ള ന്യൂമാഹി പോലീസാണ് അന്വേഷിക്കുന്നത്.

എട്ട് പേരടങ്ങിയ സംഘമാണ് ഷമോജിനെ കൊന്നതെന്നാണ് പോലീസ് സംഘം പറയുന്നത്. ബാബു കൊല്ലപ്പെട്ടതിന് പ്രതികാരം എന്ന നിലയില്‍ പ്രദേശവാസികളായ സിപിഎമ്മുകാര്‍ ഷമോജിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന നിഗമനത്തിലാണ് പോലീസ്. ഇവരെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും ഇതിന് സിസിടിവികള്‍ അടക്കമുള്ള തെളിവുകള്‍ ശേഖരിക്കുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.

error: Content is protected !!