നിപ്പ വൈറസ് : ആശുപത്രി ജീവനക്കാർക്ക് ബസ്സുകളിൽ യാത്രാവിലക്ക് ,കടുത്ത നടപടിയുമായി സർക്കാർ

സ്വകാര്യ ബസുകള് യാത്രയ്ക്ക്‘അപ്രഖ്യാപിത’ വിലക്കേർപ്പെടുത്തിയിട്ടുണ്ടെന്ന ആശുപത്രി ജീവനക്കാരുടെയും നഴ്സുമാരുടെയും ഉള്‍പ്പെടെ പരാതിയെത്തുടർന്നാണു സർക്കാർ ഇടപെടൽ.

കഴിഞ്ഞ ദിവസം പേരാമ്പ്ര താലൂക്ക് ആശുപത്രിക്കു സമീപത്തെ സ്റ്റോപ്പിൽനിന്ന് സ്വകാര്യബസിൽ കയറിയ നഴ്സുമാരെ മറ്റുള്ളവരിൽനിന്ന് മാറ്റിയിരുത്തിയതായി പരാതി ഉയർ‍ന്നിരുന്നു. ഇവരുടെ കയ്യിൽ നിന്നു ടിക്കറ്റിന്റെ പണം വാങ്ങാനും കണ്ടക്ടർ തയാറായില്ല. സംഭവത്തെത്തുടർന്നു ജില്ലാ മെഡിക്കൽ ഓഫിസർക്കു ജീവനക്കാരുടെ കൂട്ടായ്മ പരാതി നൽകിയെങ്കിലും നടപടി എടുത്തിട്ടില്ല.

ആശുപത്രികളിലെ ജീവനക്കാർ, ആശുപത്രിയിലേക്കു പോകുന്നവർ, രോഗികളെ പരിചരിക്കുന്നവർ തുടങ്ങിയവർക്കു യാത്രാ സൗകര്യം നിഷേധിക്കുന്ന ബസ് ജീവനക്കാർക്കും ഉടമകൾക്കുമെതിരെ കർശന നടപടിയെടുക്കും.

പെർമിറ്റ് സസ്‌പെൻഡ്ചെയ്യുന്നതുൾപ്പെടെയുളള നിയമനടപടികൾ സ്വീകരിക്കുന്നതിന് കോഴിക്കോട് ഉത്തരമേഖല, ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മിഷണർ നിർദേശം നൽകി. വടകര, കോഴിക്കോട് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫിസർമാർക്കാണ് ഇതു സംബന്ധിച്ച കർശന നിർദേശം നൽകിയത്.

സഹപ്രവർത്തക ജോലിക്കിടെ രോഗം ബാധിച്ചു മരിച്ചെങ്കിലും അവശ്യസന്ദർഭമായതിനാൽ ജീവനക്കാർ ലീവെടുക്കാതെ ജോലിക്കെത്തുകയാണ്. പേരാമ്പ്രയിലേയും സമീപ പ്രദേശങ്ങളിലേയും ഓട്ടോറിക്ഷകളിൽ ആശുപത്രി ജീവനക്കാരേയോ രോഗികളേയോ കയറ്റുന്നില്ലെന്നും പരാതിയുണ്ട്. കോഴിക്കോട് മെഡിക്കൽ കോളജിനോടു ചേർന്നും സമാനമായ പ്രശ്നങ്ങളുണ്ടെന്ന പരാതി ഉയർന്നതിനെത്തുടർന്നാണ് ഇപ്പോൾ ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മിഷണറുടെ ഇടപെടൽ.

error: Content is protected !!