നിപ വൈറസ് ബാധയെന്ന് സംശയം; ഒരാള്‍ക്കൂടി മരിച്ചു

നിപ വൈറസ് തിരിച്ചറിഞ്ഞതോടെ ആശങ്കയിലാണ് കോഴിക്കോട് ജില്ലയിലെ ജനങ്ങള്‍. നിപ വൈറസ് രോഗബാധയുടെ ലക്ഷണങ്ങളുമായി ചികിത്സയില്‍ കഴിഞ്ഞിരുന്ന ഒരാള്‍ കൂടി മരിച്ചതോടെ ജനങ്ങള്‍ കൂടുതല്‍ ഭയത്തിലാണ്. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിൽസയിലായിരുന്ന രാജനാണ് മരിച്ചത്. നിപ വൈറസ് ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് രാജന്റെ രക്ത സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതിന്റെ ഫലം ലഭിച്ചിട്ടില്ല. ഇതിനിടെയാണ് ഇന്ന് രാവിലെ മരണം സംഭവിച്ചത്. ഇതോടെ നിപാ വൈറസ് രോഗ ലക്ഷണങ്ങളോടെ മരിച്ചവരുടെ എണ്ണം 11 ആയി. ഇവരില്‍ നാല് പേര്‍ക്ക് മാത്രമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

വൈറസ് സംബന്ധിച്ച ആശങ്ക പരക്കുന്നതിനിടെ സ്ഥിതി വിലയിരുത്താന്‍ മറ്റൊരു കേന്ദ്ര മെഡിക്കല്‍ സംഘം ഇന്ന് കോഴിക്കോട് പരിശോധന നടത്തും. നാല് പേരടങ്ങുന്ന വിദഗ്ദ സംഘം ചങ്ങരോത്ത് മരണം നടന്ന വീടും പരിസര പ്രദേശങ്ങളും സന്ദര്‍ശിക്കുമെന്നാണ് വിവരം. കേന്ദ്ര വെറ്റിനറി മെഡിക്കല്‍ സംഘവും സ്ഥലത്ത് എത്തുന്നുണ്ട്. വൈറസ് ബാധിച്ച മറ്റൊരാള്‍ ഇപ്പോള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. നേരത്തെ മരിച്ച സാലിഹിന്റെയും സാബിത്തിന്റെയും അച്ഛന്‍ വളച്ചുകെട്ടി വീട്ടില്‍ മൂസ ആണ് ചികിത്സയിലുള്ളത്. വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളിലെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും എല്ലാവരും കിണറുകള്‍ വൃത്തിയായി മൂടണമെന്നും സംഘത്തിലെ വിദഗ്ദ്ധര്‍ നിര്‍ദേശിച്ചു. പ്രതിരോധശേഷി കൂടിയ വ്യക്തികളെ നിപ വൈറസ് ബാധിക്കില്ലെന്നും ഇന്ത്യയില്‍ ഇത് മൂന്നാം തവണയാണ് നിപ വൈറസിന്റെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും അവര്‍ അറിയിച്ചു.

വായുവിലൂടെ നിപ വൈറസ് പകരാന്‍ സാധ്യതയുണ്ട്. എന്നാല്‍ മറ്റു വൈറസുകളെ പോലെ കൂടുതല്‍ ദൂരം സഞ്ചരിക്കാന്‍ നിപ വൈറസിന് സാധിക്കില്ല. പ്രതിരോധത്തിനായി സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടികളില്‍ കേന്ദ്രസംഘം തൃപ്തി അറിയിച്ചു. ആരോഗ്യവകുപ്പ് ശരിയായ ദിശയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് കേന്ദ്രസംഘത്തിലെ വിദഗ്ദ്ധര്‍ പറഞ്ഞു. കഴിഞ്ഞദിവസം മരിച്ച കൂട്ടാലിട സ്വദേശി ജാനകിയടക്കം നാല് പേര്‍ക്ക് നിപ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ടെന്ന് കേന്ദ്ര സംഘത്തിനൊപ്പം മാധ്യമങ്ങളെ കണ്ട ആരോഗ്യമന്ത്രി കെ.കെ.ഷൈലജ പറഞ്ഞു. രോഗബാധിതനായ ഒരാള്‍ക്ക് പുറമെ സമാനമായ രോഗലക്ഷണങ്ങളുമായി ഒന്‍പത് പേര്‍ കൂടി ചികിത്സയിലുണ്ട്.

രക്തസാമ്പിളിന്റെ ഫലം വന്നാല്‍ മാത്രമേ ബാക്കിയുള്ളവരുടെ കാര്യത്തില്‍ രോഗബാധ സ്ഥിരീകരിക്കാന്‍ സാധിക്കൂ. രോഗപ്രതിരോധത്തിനായി സംസ്ഥാന സര്‍ക്കാര്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും ഇക്കാര്യത്തില്‍ സ്വകാര്യ ആശുപത്രികളുടെ സേവനം എടുത്തു പറയേണ്ടതാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു. നിപ വൈറസ് പ്രതിരോധത്തിനായി ആവശ്യമെങ്കില്‍ ലോകാരോഗ്യസംഘടനയുടെ സേവനം തേടുമെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണനും അറിയിച്ചു.

error: Content is protected !!