ബ്രേക്കിൽ തകരാർ; സ്വിഫ്റ്റ്, ബലെനോ കാറുകൾ മാരുതി തിരികെ വിളിച്ചു

സ്വിഫ്റ്റ്, ബലെനോ എന്നീ മോഡലുകളുടെ 52686 യൂണിറ്റുകൾ മാരുതി തിരിച്ചു വിളിച്ചു. ബ്രേക്ക് വാക്വം ഹോസിൽ തകരാറുകൾ വരാൻ സാധ്യതയുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് തിരിച്ചു വിളിച്ചത്. സർവീസ് ക്യാമ്പുകൾ നടത്തി ഈ തകരാർ പരിഹരിക്കുമെന്ന് കമ്പനി അറിയിച്ചു.

2017 ഡിസംബർ ഒന്ന് മുതൽ 2018 മാർച്ച് 16 വരെ നിർമിച്ച സ്വിഫ്റ്റ്, ബലെനോ കാറുകളാണ് തകരാർ പരിഹരിക്കുന്നതിന് തിരികെ വിളിച്ചിരിക്കുന്നത്. മെയ് 14 മുതലാണ് സർവീസ് ക്യാമ്പുകൾ ആരംഭിക്കുന്നത്. ഈ വിഭാഗത്തിൽ ഉൾപ്പെടുന്ന കാറുകളുടെ ഉടമകളെ ഡീലർമാർ വിവരം അറിയിക്കും. പരിശോധനയും റിപ്പയറിങ്ങും സൗജന്യമായിരിക്കുമെന്ന് കമ്പനി അറിയിച്ചു.

ബലെനോ കാറുകൾ തിരികെ വിളിക്കുന്നത് ഇതാദ്യമല്ല. 2016 മെയ് മാസത്തിൽ 75419 കാറുകൾ തിരികെ വിളിച്ചിരുന്നു. ഫ്യൂവൽ ഫിൽറ്ററിൽ തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് ഈ കാറുകൾ തിരികെ വിളിച്ചത്.

error: Content is protected !!