നഴ്സുമാരുടെ ശമ്പള പരിഷ്കരണം; ആശുപത്രി ഉടമകളുടെ ഹർജി തള്ളി

നഴ്സുമാരുടെ ശമ്പള പരിഷ്കരണം സംബന്ധിച്ച സര്‍ക്കാര്‍ വിജ്ഞാപനം സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട ആശുപതി ഉടമകളുടെ ഹർജി ഹൈക്കോടതി ഡിവിഷൻ ബഞ്ച് തള്ളി. വിജ്ഞാപനം ഇറക്കിയത് മാനദണ്ഡങ്ങൾ പാലിച്ചെന്ന സർക്കാർ വാദം കോടതി അംഗീകരിച്ചു.

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി നേഴ്സ്മാരുടെ ശമ്പളം 20000 രൂപയായി നിശ്ചയിച്ച സർക്കാർ വിജ്ഞാപനം ചോദ്യം ചെയ്താണ് ആശുപത്രി ഉടമകൾ ഹൈ കോടതിയിൽ എത്തിയത്. തങ്ങളെ കേൾക്കാതെയാണു ഉത്തരവ് പുറത്തിറക്കിയത്. ശമ്പള പരിഷ്കരണം നടപ്പാക്കിയാൽ ആശുപത്രികൾ പൂട്ടേണ്ടി വരും. ഇടക്കാല ഉത്തരവിലൂടെ സർക്കാർ ഉത്തരവ് സ്റ്റേ ചെയ്യണം എന്നാണ് ഉടമകൾ ആവശ്യപ്പെട്ടത്.

സിംഗിൾ ബഞ്ച് ഇടക്കാല ഉത്തരവ് എന്ന ആവശ്യം നിരാകരിച്ചു. ഹർജി മധ്യവേനൽ അവധിയ്ക്ക് ശേഷം പരിഗണിക്കാൻ മാറ്റുകയും ചെയ്തു. തുടർന്നാണ് ഇടക്കാല ഉത്തരവ് തേടി ഉടമകൾ ഡിവിഷൻ ബഞ്ചിൽ എത്തിയത്. ജസ്റ്റിസ്‌ സുനിൽ തോമസും ജസ്റ്റിസ്‌ ഷേർസിയും അടങ്ങുന്ന ഡിവിഷൻ ബഞ്ചും ഇടക്കാല ഉത്തരവ് നല്കിയില്ല. വിജ്ഞാപനം ഇറക്കിയത് മാനദണ്ഡങ്ങൾ പാലിച്ചാണ് എന്ന സർക്കാർ വാദം അംഗീകരിച്ചാണ് ഡിവിഷൻ ബഞ്ചും ഇടക്കാല ഉത്തരവിന് വിസമ്മതിച്ചത്.

error: Content is protected !!