കത്വ കേസിൽ സിബിഐ അന്വേഷണം വേണ്ട; മെഹബൂബ മുഫ്തി

രാജ്യത്തെയാകെ നടുക്കിയ കത്വ കേസില്‍ സിബിഐ അന്വേഷണത്തിന്‍റെ ആവശ്യമില്ലെന്ന് മുഖ്യമന്ത്രി മെഹബൂബ മുഫ്തി. പൊലീസിനെ വിശ്വാസമില്ലെന്ന് കാണിച്ച് കേസുകളെല്ലാം മറ്റ് ഏജന്‍സികള്‍ക്ക് കൈമാറാനാകില്ല. ജമ്മു പൊലീസിനെ സംസ്ഥാനം തന്നെ വിശ്വാസത്തിലെടുക്കാതിരുന്നാല്‍ മറ്റാരാണ് അവരെ വിശ്വാസത്തിലെടുക്കുകയെന്നും അവര്‍ ചോദിച്ചു.

കേസന്വേഷിച്ച ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെ മതത്തിന്‍റെ പേരില്‍ വിലയിരുത്തുന്നത് നാണംകെട്ടതും അപകടകരവുമായ കാര്യമാണ്. കത്വ കേസില്‍ പ്രതികളെ സഹായിക്കാന്‍ ക്രൈംബ്രാഞ്ച് ശ്രമിച്ചുവെന്ന് ആര്‍ക്കെങ്കിലും പറയാന്‍ സാധിക്കുമോ? എന്നും അവര്‍ ചോദിച്ചു.

കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പിതാവും പ്രതികളും നല്‍കിയ ഹര്‍ജികള്‍ സുപ്രിംകോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് മെഹബൂബയുടെ പ്രതികരണം. കേസ് ചണ്ഡീഗഡിലേക്ക മാറ്റണമെന്നാണ് പിതാവ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഇതിനെതിരെ സുപ്രിംകോടതിയില്‍ ജമ്മു കശ്മീര്‍ സര്‍ക്കാര്‍ വാദമുന്നയിക്കും.

സിബിഐ അന്വേഷണം വേണമെന്ന പ്രതികള്‍ നല്‍കിയ ഹര്‍ജിയെയും എതിര്‍ക്കാനാണ് സര്‍ക്കാര്‍ തീരുമാനം. എട്ടുപേരെ പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ച കേസിന്‍റെ വിചാരണ മെയ് ഏഴ് തിങ്കളാഴ്ച വരെ സുപ്രിംകോടതി തടഞ്ഞിരുന്നു. ജനുവരി പത്തിനായിരുന്നു ബെക്കര്‍വാള്‍ വിഭാഗക്കാരിയായ പെണ്‍കുട്ടിയെ കാണാതാകുന്നത്. തുടര്‍ന്ന് ഒരാഴ്ച കഴിഞ്ഞ് പീഡനത്തിനിരയായി കൊല്ലപ്പെട്ട നിലയില്‍ കുട്ടിയെ കണ്ടെത്തുകയായിരുന്നു.

error: Content is protected !!