കർണാടകത്തിൽ പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന്

കർണാടകത്തിൽ കോൺഗ്രസ്, ജെഡിഎസ് സർക്കാരിന്‍റെ സത്യപ്രതിജ്ഞ ഇന്ന്. മുഖ്യമന്ത്രിയായി കുമാരസ്വാമിയും ഉപമുഖ്യമന്ത്രിയായി കെപിസിസി അധ്യക്ഷൻ ജി പരമേശ്വരയും വിധാൻ സൗധയ്ക്ക് മുന്നിൽ അധികാരമേൽക്കും. സോണിയ ഗാന്ധി മുതൽ മമതാ ബാനർജി വരെയുളള പ്രതിപക്ഷ നിരയിലെ നേതാക്കളുടെ സാന്നിധ്യം ചടങ്ങിലുണ്ടാവും. ഭിന്നതകളെ തത്കാലം പിന്നണിയിലേക്ക് മാറ്റിനിർത്തിയാണ് കുമാരസ്വാമി മന്ത്രിസഭ അധികാമേൽക്കുന്നത്.

വിശ്വാസവോട്ടിന് മുമ്പ് മന്ത്രിമാർ ആരൊക്കെ, വകുപ്പ് ഏതൊക്കെ എന്ന കാര്യത്തിൽ തീരുമാനം വേണ്ട എന്നാണ് ധാരണ. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും മാത്രം വിധാൻസൗധയിൽ വൈകീട്ട് 4.30ന് സത്യപ്രതിജ്ഞ ചെയ്യും. ഒരു ഉപമുഖ്യമന്ത്രി മാത്രം മതിയെന്ന് തീരുമാനമെടുത്ത കോൺഗ്രസ് ജി. പരമേശ്വരയെ തെരഞ്ഞെടുത്തു. 34 അംഗ മന്ത്രിസഭയാണ് ജെഡിഎസ് കോൺഗ്രസ് സർക്കാരിൽ ഉണ്ടാവുക.

ഇതിൽ മുഖ്യമന്ത്രി ഉൾപ്പെടെ 12 പേരാണ് ജെഡിഎസിന്. ഉപമുഖ്യമന്ത്രി ഉൾപ്പെടെ 22 പേർ കോൺഗ്രസിന്. സ്പീക്കർ പദവി കോൺഗ്രസിനാണ്. മുൻ സ്പീക്കറും സിദ്ധരാമയ്യ സർക്കാരിൽ ആരോഗ്യമന്ത്രിയുമായ കെ ആർ രമേഷ് കുമാറാവും സ്പീക്കർ സ്ഥാനാർത്ഥി. ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം ജെഡിഎസിനാണ്. വെളളിയാഴ്ച ഈ രണ്ട് സ്ഥാനങ്ങളിലേക്കുളള തെരഞ്ഞെടുപ്പ് നടക്കും. വ്യാഴാഴ്ചയാവും വിശ്വാസവോട്ടെടുപ്പ് . 29ന് ശേഷം മാത്രമേ മറ്റ് മന്ത്രിമാരുടെ സത്യപ്രതിജ്ഞ ഉണ്ടാവുകയുളളൂ.

error: Content is protected !!