ജെഡിഎസ് നേതാവ് എച്ച്.ഡി. കുമാരസ്വാമി കര്‍ണാടക മുഖ്യമന്ത്രിയാകും : ബിജെപി പ്രവർത്തകർ ആഹ്ലാദ പ്രകടനങ്ങൾ നിർത്തിവച്ചു.

കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് കേവല ഭൂരിപക്ഷം ലഭിക്കാതെ വന്നതോടെ ബിജെപി പ്രവർത്തകർ ആഹ്ലാദ പ്രകടനങ്ങൾ നിർത്തിവച്ചു. ഒരു ഘട്ടത്തിൽ 122 സീറ്റുകളിൽ ബിജെപി മുന്നേറിയപ്പോൾ പ്രവർത്തകർ ആഹ്ലാദ പ്രകടനങ്ങളുമായി തെരുവിൽ ഇറങ്ങിയിരുന്നു.

കേവല ഭൂരിപക്ഷവും കടന്ന് മുന്നേറിയ ബിജെപിക്ക് അവസാന ലാപ്പിലെ കിതപ്പാണ് തിരിച്ചടിയായത്. ബിജെപിയുടെ സീറ്റ് നില 105 ആയാണ് കുറഞ്ഞത്. ഏത് വിധേനയും ബിജെപിയെ അധികാരത്തിൽ നിന്നകറ്റാൻ ജെഡിഎസിന് നിരുപാധിക പിന്തുണയാണ് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തിരിക്കുന്നത്.

40 സീറ്റുള്ള ജെഡിഎസിന് പിന്തുണ നല്‍കി സര്‍ക്കാര്‍ രൂപീകരിക്കാനുള്ള തീരുമാനത്തെ ജെഡിഎസ് സ്വാഗതം ചെയ്തു. വൈകിട്ട് ഗവര്‍ണറെ കാണുമെന്നും മന്ത്രിസഭാ രൂപീകരണവുമായി മുന്നോട്ട് പോകുമെന്നും ഗുലാം നബി ആസാദും കുമാര സ്വാമിയും സിദ്ധരാമയ്യയും ചര്‍ച്ചകള്‍ക്ക് ശേഷം മാധ്യമങ്ങളെ അറിയിച്ചു.
ഈ ധാരണയില്‍ കാര്യങ്ങള്‍ മുന്നോട്ടു പോയാല്‍ ജെഡിഎസ് നേതാവ് എച്ച്.ഡി. കുമാരസ്വാമി കര്‍ണാടക മുഖ്യമന്ത്രിയാകും. ദേവഗൗഡയുടെ വീട്ടില്‍ നടന്ന ചര്‍ച്ചയിലാണ് കോണ്‍ഗ്രസും ജെഡിഎസും തമ്മില്‍ ധാരണയായത്.

222 അംഗ കര്‍ണാടക നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിനായി 114 സീറ്റുകള്‍ വേണം. ഒരു ഘട്ടത്തില്‍ ബിജെപി ഈ മാന്ത്രികസംഖ്യ കടന്ന് മുന്നേറിയിരുന്നെങ്കിലും പിന്നീട് ലീഡ് നില 105ലേക്ക് താഴ്ന്നു. ഈ സാഹചര്യത്തിലാണ് ജെഡിഎസിന് പിന്തുണ കൊടുക്കുക എന്ന രാഷ്ട്രീയ തന്ത്രത്തിലേക്ക് കോണ്‍ഗ്രസ് എത്തിയത്. കുമാരസ്വാമി നയിക്കുന്ന സര്‍ക്കാരിന് പുറത്തുനിന്ന് പിന്തുണ കൊടുക്കാനാണ് കോണ്‍ഗ്രസ് തീരുമാനം.

error: Content is protected !!