വിമാനം തകര്‍ന്ന് അജയ് ദേവ്ഗണ്‍ മരിച്ചുവെന്ന് വ്യാജവാര്‍ത്ത

മുംബൈയിലെ വീട്ടിലും പുതിയ ചിത്രത്തിന്‍റെ ഷൂട്ടിംഗ് ലൊക്കേഷനിലുമായി തിരക്കുപിടിച്ച് ഓട്ടത്തിലാണ് അജയ് ദേവ്ഗണ്‍. ഇതിനിടയിലാണ് താരം സഞ്ചരിച്ച വിമാനം മഹാഹാബലേശ്വറില്‍ തകര്‍ന്നു വീണ് അജയ് മരിച്ചുവെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നത്.

വാട്സ്ആപ്പിലും മറ്റ് സോഷ്യല്‍മീഡിയകളിലും വാര്‍ത്ത പരന്നതോടെ അത്തരമൊരു സംഭവം ഉണ്ടായിട്ടില്ലെന്ന് പൊലീസ് വിശദീകരിച്ചു. അജയ് ദേവ്ഗണ്‍ സഞ്ചരിച്ച വിമാനം അപകടത്തില്‍പ്പെട്ടാല്‍ തങ്ങള്‍ ഉറപ്പായും അറിയുമായിരുന്നുവെന്നും അത്തരമൊരു അപകടം ഉണ്ടായിട്ടില്ലെന്നും മഹാബലോശ്വര്‍ പൊലീസ് വ്യക്തമാക്കി.

വിമാനം അടിയന്തിരമായി നിലത്തിറക്കിയെന്നാണ് പ്രചരിച്ച മറ്റൊരു സന്ദേശം. ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന്‍റെ ഉറവിടം അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. റണ്‍ബീര്‍ കപൂറുമായി ചേര്‍ന്നുള്ള ഏറ്റവും പുതിയ ചിത്രത്തിന്‍റെ ഷൂട്ടിംഗിലാണ് അജയ് എന്നാണ് സൂചന. റണ്‍ബീറുമൊത്തുള്ള അജയുടെ ചിത്രങ്ങള്‍ പുറത്തുവരുന്നുണ്ട്. ഷാരൂഖ് ഖാന്‍, ഫരീദ ഖാന്‍, ദിലീപ് കുമാര്‍ തുടങ്ങിയവര്‍ മരിച്ചുവെന്നുള്ള വ്യാജവാര്‍ത്തകളും നേരത്തേ പ്രചരിച്ചിരുന്നു.

error: Content is protected !!