കോണ്‍ഗ്രസ് ജെഡി-എസ് നേതാക്കൾ ഗവർണറെ സന്ദർശിച്ചു : എംഎൽഎമാരുടെ പിന്തുണ കത്ത് കൈമാറി
കോണ്‍ഗ്രസ് ജെഡി-എസ് നേതാക്കൾ ഗവർണറെ സന്ദർശിച്ച് എംഎൽഎമാരുടെ പിന്തുണ കത്ത് കൈമാറി. സർക്കാർ രൂപീകരിക്കാൻ ആവശ്യമായ ഭൂരിപക്ഷം തങ്ങൾക്കുണ്ടെന്ന് ഗവർണറെ കണ്ടതിനു ശേഷം ജെഡി-എസ് നേതാവ് എച്ച്.ഡി. കുമാരസ്വാമി പറഞ്ഞു. ഗവർണർ തങ്ങളെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനാധിപത്യത്തെ സംരക്ഷിക്കാൻ ആവശ്യമായതെല്ലാം ചെയ്യുമെന്ന് കോൺഗ്രസ് നേതാവ് അശോക് ഗലോട്ട് പറഞ്ഞു.
117 എംഎല്‍എമാര്‍ ഒപ്പമുണ്ടെന്ന് ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യം അറിയിച്ചു.ജെഡിഎസ്സിനെ പിന്തുണച്ചുകൊണ്ടുള്ള കത്തില്‍ 73 എംഎല്‍എമാര്‍ ഒപ്പു വച്ചു. 72 കോണ്‍ഗ്രസ് എംഎല്‍എമാരും ഒരു സ്വതന്ത്രനുമാണ് ഒപ്പിട്ടത്. 5 എംഎല്‍എമാരും പുറപ്പെട്ടിട്ടുണ്ടെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ വ്യക്തമാക്കി.
ഭരണഘടനാനുസൃതമായി മാത്രമെ തീരുമാനം എടുക്കുകയുള്ളെന്ന് ഗവർണർ ഉറപ്പ് നൽകിയതായി കോൺഗ്രസ് നേതാവ് ഡി.കെ ശിവകുമാർ പറഞ്ഞു. ഗവർണറിൽ തങ്ങൾക്കു വിശ്വാസമാണ്. അദ്ദേഹം അനീതി കാട്ടില്ലെന്നു ഉറപ്പാണ്. തങ്ങളുടെ കൂട്ടത്തിൽനിന്നും ആരും പുറത്തുപോയിട്ടില്ല. ഇത്തരം കാര്യങ്ങൾ അനുവദിക്കില്ലെന്നും ശിവകുമാർ പറഞ്ഞു.
എംഎൽഎമാരെ കോൺഗ്രസ് ഗവർണർക്കു മുമ്പിലെത്തിച്ചതിനു ശേഷമാണ് കുമാരസ്വാമി കൂടിക്കാഴ്ച നടടത്തിയത്. കുമാരസ്വാമിക്കൊപ്പം പിസിസി അധ്യക്ഷൻ ജി. പരമേശ്വരയും രാജ്ഭവനിൽ എത്തിയിരുന്നു.