ചെങ്ങന്നൂരിൽ വ്യാപകമായി കേബിൾ, വൈദ്യുതി ബന്ധങ്ങൾ വിച്ഛേദിച്ചു : സംഭവത്തിന് പിന്നില്‍ സിപിഎം പ്രവർത്തകരെന്ന് ആരോപണം

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചെങ്ങന്നൂരിൽ വ്യാപകമായി കേബിൾ, വൈദ്യുതി ബന്ധങ്ങൾ വിച്ഛേദിക്കപ്പെട്ടുവെന്ന് പരാതി. പ്രണയിച്ച് വിവാഹം കഴിച്ചതിന്‍റെ പേരിൽ കെവിൻ എന്ന യുവാവിനെ പെണ്‍കുട്ടിയുടെ സഹോദരനും സുഹൃത്തുക്കളും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ വിഷയത്തിൽ വ്യാപക പ്രതിഷേധം വാർത്തകളിൽ നിറഞ്ഞതിന് പിന്നാലെയാണ് കേബിൾ, വൈദ്യുതി ബന്ധങ്ങൾ വിച്ഛേദിക്കപ്പെട്ടത്.

ഇന്ന് രാവിലെ 9.30 ഓടെയാണ് കെവിന്‍റെ മൃതദേഹം പുനലൂരിന് സമീപം തോട്ടിൽ കണ്ടെത്തിയ വിവരം പുറത്തറിയുന്നത്. പിന്നാലെ വിഷയത്തിൽ വ്യാപക പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്തുവന്നു. കെവിന്‍റെ ഭാര്യ നൽകിയ പരാതി മുഖവിലയ്ക്കെടുക്കാതിരുന്ന കോട്ടയം ഗാന്ധിനഗർ പോലീസ് സ്റ്റേഷന് മുന്നിലായിരുന്നു പ്രതിഷേധം. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ നേതൃത്വത്തിൽ സ്റ്റേഷൻ ഉപരോധം തുടങ്ങിയതിന് പിന്നാലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സ്ഥലത്തെത്തി.

കോണ്‍ഗ്രസിന് പിന്നാലെ ബിജെപിയും എഐഎസ്എഫും സിഎസ്ഡിഎസും ഉൾപ്പടെയുള്ള സംഘടനകളും പാർട്ടികളും പ്രതിഷേധവുമായി തെരുവിലിറങ്ങി. വിഷയം വാർത്താ മാധ്യമങ്ങളിൽ നിറഞ്ഞതിന് പിന്നാലെയാണ് ചെങ്ങന്നൂർ മണ്ഡലത്തിന്‍റെ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ കേബിൾ, വൈദ്യുതി ബന്ധങ്ങൾ നശിപ്പിക്കപ്പെട്ടത്. പലയിടത്തും കേബിൾ ശൃംഖലയുടെ റിസീവറുകളും ഫൈബർ കേബിളുകളും മുറിച്ചിട്ട നിലയിലാണ്. വൈദ്യുതി ബന്ധവും പലയിടത്തും തടസപ്പെടുത്തി.

കെവിന്‍റെ മരണത്തെ തുടർന്നുണ്ടായ പ്രതിഷേധം ചെങ്ങന്നൂർ തെരഞ്ഞെടുപ്പിൽ എതിരാകുമോ എന്ന് ഭയന്ന് സിപിഎം പ്രവർത്തകരാണ് വ്യാപകമായി കേബിൾ, വൈദ്യുതി കണക്ഷനുകൾ നശിപ്പിച്ചതന്ന് കോണ്‍ഗ്രസ് ആരോപിച്ചു. വിഷയത്തിൽ ഉയർന്ന പ്രതിഷേധം ചെങ്ങന്നൂരിലെ വോട്ടർമാർ അറിയാതിരിക്കാൻ കെഎസ്ഇബി ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയാണ് വൈദ്യുതി ബന്ധം തടസപ്പെടുത്തിയതെന്ന് കോണ്‍ഗ്രസ് നേതാവ് എം.ലിജു ആരോപിച്ചു.

error: Content is protected !!