നിപ്പാ വൈറസ്; പരിഭ്രാന്തി വേണ്ടെന്ന് കേന്ദ്രം

11 പേരുടെ മരണത്തിന് കാരണമാക്കിയ നിപ്പ വൈറസ് ബാധയില്‍ പരിഭ്രാന്തി വേണ്ടെന്നും വൈറസിനെ നിയന്ത്രണ വിധേയമാക്കിയെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം.അസുഖം പൂര്‍ണമായും ഒരു പ്രദേശത്ത് നിന്നാണ് വന്നതെന്നും നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചുവെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി പ്രീതി സുധന്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മരിച്ചവരുമായി ഏതെങ്കിലും തരത്തില്‍ ബന്ധപ്പെട്ടവരില്‍ നിന്ന് ഏഴ് സാമ്പിളുകളായിരുന്നു നിപ്പ ബാധയുണ്ടോയെന്നറിയാന്‍ പരിശോധനയ്ക്കയച്ചിരുന്നത്. ഇതില്‍ അഞ്ച് പേരിലും റിസല്‍ട്ട് നെഗറ്റീവ് ആണ്. രണ്ടെണ്ണത്തിന്റെ ഫലം പുറത്ത് വന്നിട്ടില്ല.

മരിച്ചവരുടെ പ്രദേശത്ത് നിന്ന് സ്വീകരിച്ച മറ്റ് അറുപത് സാമ്പിളുകളും പൂണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശോധനയ്ക്കയിച്ചിട്ടുണ്ട്. ഇത് ഏതെങ്കിലും തരത്തിലുള്ള മഹാമാരിയല്ലെന്നും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും പ്രീതി സുധന്‍ പറഞ്ഞു. ഇതിനിടെ കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകള്‍ ആരോഗ്യ വകുപ്പിന്റെ സവിശേഷ ശ്രദ്ധയില്‍ ആയതിനാല്‍ ആവശ്യമെങ്കില്‍ ഇവിടേക്കുള്ള യാത്ര ഒഴിവാക്കാമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

error: Content is protected !!