വരാപ്പുഴ കസ്റ്റഡി മരണം; ശ്രീജിത്ത് വാസുദേവനെ മര്‍ദ്ദിക്കുന്നത് കണ്ടിട്ടില്ലെന്ന് സാക്ഷി

വരാപ്പുഴയില്‍ യുവാവ് പൊലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ നിര്‍ണായക വെളിപ്പെടുത്തല്‍. പൊലീസിന്റെ സാക്ഷിമൊഴി വ്യാജമാണെന്ന് സാക്ഷിമൊഴി നല്‍കിയെന്ന് പൊലീസ് അവകാശപ്പെടുന്ന പരമേശ്വരന്‍ പറഞ്ഞു. ശ്രീജിത്തും സംഘവുമാണ് മര്‍ദിക്കുന്നതെന്ന് താന്‍ പറഞ്ഞിട്ടില്ല. ശ്രീജിത്ത് വാസുദേവനെ മര്‍ദിക്കുന്നത് കണ്ടിട്ടില്ലെന്നും പരമേശ്വരന്‍ പറഞ്ഞു. സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തിലാണ് പരമേശ്വരന്‍റെ വെളിപ്പെടുത്തല്‍. സിപിഎം ബ്രാഞ്ച് സെക്രട്ടറിയാണ് പരമേശ്വരന്‍.

ഒരുസംഘം ആളുകള്‍ വീട് കയറി മര്‍ദ്ദിച്ചതിനെ തുടര്‍ന്നാണ് വരാപ്പുഴ തുണ്ടിപ്പറന്പില്‍ വാസുദേവന്‍ ആത്മഹത്യ ചെയ്യുന്നത്. വാസുദേവന്‍റെ അയല്‍വാസിയായ പരമേശ്വരന്‍ അക്രമി സംഘത്തില്‍ ശ്രീജിത്തും സഹോദരന്‍ സജിത്തും അടക്കം തിരിച്ചറിയാവുന്ന ചിലരുണ്ടായിരുന്നുവെന്നും ഇവര്‍ വാസുദേവനെ മര്‍ദ്ദിക്കുന്നത് കണ്ടെന്നുമാണ് പോലീസിന്‍റെ എഫ്.ഐ.ആറില്‍ പറയുന്നത്. എന്നാല്‍ ഇത് വ്യാജമാണെന്നും തന്നില്‍ നിന്നും പോലീസ് മൊഴി എടുത്തിട്ടില്ലെന്നുമാണ് സിപിഎം ബ്രാഞ്ച് സെക്രട്ടറിയുമായ പരമേശ്വരന്‍ ഇപ്പോള്‍ വെളിപ്പെടുത്തുന്നത്.

വാസുദേവന്‍റെ വീടാക്രമിക്കപ്പെടുന്ന സമയത്ത് താന്‍ ജോലി സ്ഥലത്തായിരുന്നു. അവിടെ വച്ച് വിവരം അറിഞ്ഞാണ് താന്‍ വാസുദേവന്‍റെ വീട്ടിലേക്കെത്തിയത്. പരിസരത്തെ വീടുകളിലെ സ്ത്രീകളെല്ലാം അവിടെയുണ്ടായിരുന്നു. അന്നും പിറ്റേന്നും നടന്ന പ്രതിഷേധ പരിപാടികളില്‍ പ്രദേശവാസികള്‍ക്കൊപ്പം താനും പങ്കെടുത്തിരുന്നു. എന്നാല്‍ വീടാക്രമിച്ചതുമായി ബന്ധപ്പെട്ടോ വാസുദേവന്‍റെ ആത്മഹത്യയിലോ താന്‍ പോലീസിന് മൊഴി നല്‍കിയിട്ടില്ല…. പരമേശ്വരന്‍ വെളിപ്പെടുത്തി.

error: Content is protected !!