വരാപ്പുഴ കസ്റ്റഡി മരണം:മൂന്ന് പോലിസുകാര്‍ അറസ്റ്റില്‍

വരാപ്പുഴയില്‍ ശ്രീജിത്തിന്‍റെ കസ്റ്റഡി മരണക്കേസില്‍ മൂന്ന് ആര്‍ടിഎഫുകാര്‍ അറസ്റ്റില്‍. എസ്പിയുടെ സെപഷ്യല്‍ സ്ക്വാഡിലുള്ളവരാണ് അറസ്റ്റിലായത്. സന്തോഷ്, സുമേഷ്, ജിതിന്‍രാജ് എന്നിവരാണ് അറസ്റ്റിലായത്.നടപടിക്രമങ്ങളില്‍ ഗുരുതരമായ പല വീഴ്ച്ചകളും ആര്‍ടിഎഫ് ഉദ്യോഗസ്ഥരില്‍ നിന്നുണ്ടായി എന്നാണ് പ്രത്യേക അന്വേഷണസംഘത്തിന്‍റെ വിലയിരുത്തല്‍. വാസുദേവന്‍റെ വീടാക്രമിച്ചവരെ കുറിച്ചോ ആ പ്രദേശത്തെ കുറിച്ചോ ഒരു ധാരണയുമില്ലാതെയാണ് ആര്‍ടിഎഫ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തുന്നത്.

ആത്മഹത്യ ചെയ്ത വാസുദേവന്‍റെ സഹോദരന്‍ ഗണേശനുമായി വന്ന ആര്‍ടിഎഫ് ഉദ്യോഗസ്ഥര്‍ ഗണേശന്‍ കാണിച്ചു കൊടുത്തവരെയൊക്കെ പിടിച്ചു കൊണ്ടു പോകുകയായിരുന്നുവെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. വീടാക്രമണത്തില്‍ പങ്കില്ലാത്ത ശ്രീജിത്തിനേയും സജിത്തിനേയും എന്തിനാണ് ഗണേശന്‍ പോലീസുകാര്‍ക്ക് കാണിച്ചു കൊടുത്തതെന്ന് വ്യക്തമല്ല. ഇക്കാര്യം കണ്ടെത്താന്‍ ഗണേശന്‍ പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ആര്‍.ടി.എഫ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു കൊണ്ടു പോകുമ്പോള്‍ ശ്രീജിത്ത് കാര്യമായ പ്രതിരോധത്തിന് ശ്രമിച്ചിരുന്നു. ഇതില്‍ പ്രകോപിതരായ ഉദ്യോഗസ്ഥര്‍ ശ്രീജിത്തിനെ നന്നായി മര്‍ദ്ദിച്ചിരുന്നു. ഇതിനാല്‍ തന്നെ കേസില്‍ ഇവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കും എന്നാണ് സൂചന.

You may have missed

error: Content is protected !!