ശ്രീജിത്തിനെ പ്രതിയാക്കാന്‍ സിപിഎം ബോധപൂര്‍വ്വം ശ്രമിക്കുന്നു: ചെന്നിത്തല

വരാപ്പുഴയിലെ ശ്രീജിത്തിനെ പ്രതിയാക്കാന്‍ സിപിഎം ബോധപൂര്‍വ്വം ശ്രമിക്കുന്നെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമം നടക്കുന്നതായും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

എറണാകുളം റൂറല്‍ എസ്പിയെ മാറ്റണം. റൂറല്‍ ടൈഗര്‍ ഫോഴ്സ് ഉടന്‍ പിരിച്ചുവിടണം. ആര്‍ടിഎഫ് ഉണ്ടാക്കാന്‍ ആരാണ് എസ്പിയോട് ആവശ്യപ്പെട്ടതെന്നും ചെന്നിത്തല ചോദിച്ചു. വാസുദേവന്‍റെ വീട് അക്രമിച്ച പ്രതികളെ കണ്ടെത്തിയില്ല എന്ന് മാത്രമല്ല പാര്‍ട്ടി പറയുന്നവരെയാണ് പൊലീസ് പിടികൂടുന്നത്.

ശ്രീജിത്ത് പാര്‍ട്ടി ലിസ്റ്റിലുളളയാളാള്‍ ആയതുകൊണ്ടാണ് ശ്രീജിത്തിനെ പ്രതിയാക്കാന്‍ ശ്രമിക്കുന്നത്. കേസ് സിബിഐ വിടണം. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും ഡോക്ടര്‍മാരുടെ മൊഴിയും പൊലീസിന് എതിരാണെന്നും ചെന്നിത്തല പറഞ്ഞു.

അതേസമയം, ശ്രീജിത്തിന്‍റെ കസ്റ്റഡി മരണത്തില്‍ വെള്ളിയാഴ്ചയിലെ സംഘർഷത്തിൽ പരിക്കേറ്റെന്ന പൊലീസിന്‍റെ വാദം പൊളിയുന്നു. ശ്രീജിത്തിന് പരിക്കേറ്റത് കസ്റ്റഡിയിൽവച്ച് തന്നെയെന്ന് ചികിത്സിച്ച ഡോക്ടര്‍മാര്‍ മൊഴി നല്‍കി. ശ്രീജിത്തിന്‍റെ ശരീരത്തിലെ മുറിവിന്‍റെ പഴക്കം മൂന്ന് ദിവസം വരെ മാത്രമാണെന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരിക്കുന്നത്.

ശ്രീജിത്തിനെ ചികിത്സിച്ച ഡോക്ടർമാർ അന്വേഷണ സംഘത്തിന് നല്‍കിയ മൊഴിയിലാണ് വെളിപ്പെടുത്തല്‍. അതേസമയം നേരത്തെ അസ്വാഭാവിക മരണത്തിന് രജിസ്റ്റര്‍ ചെയ്ത എഫ്ഐആറില്‍ കൂടുതല്‍ വകുപ്പുകള്‍ ചേര്‍ത്ത് കൊലപാതക കേസായി മാറ്റിയിരുന്നു. ഇതിനൊപ്പം അന്യായമായി തടങ്കലിൽവെച്ചെന്ന വകുപ്പും പുതുതായി ഉള്‍പ്പെടുത്തി.

മരണകാരണമായ വയറിനുള്ളിലെ പരിക്ക് പറ്റിയത് ഏത് സമയത്താണ് എന്ന കാര്യത്തില്‍ വ്യക്തത വരുത്താന്‍ ഡോക്ടര്‍മാരുടെ മൊഴിയെടുക്കുമെന്ന് അന്വേഷണസംഘം നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം അന്വേഷണസംഘം ഇന്ന് കൂടുതൽ പേരെ ചോദ്യം ചെയ്യും.

error: Content is protected !!