ആലുവ റൂറല്‍ എസ്പി എവി ജോര്‍ജിനെ സ്ഥലം മാറ്റി

ആലുവ റൂറല്‍ എസ്പി എവി ജോര്‍ജിനെ സ്ഥലം മാറ്റി. തൃശൂര്‍ പൊലീസ് അക്കാദമിയിലേക്കാണ് സ്ഥലംമാറ്റം.ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിൽ റൂറൽ എസ് പിക്കെതിരെയും ആരോപണം ഉയർന്നിരുന്നു. അറസ്റ്റിലായ ആർടിഎഫുകാരുടെ ചുമതല എ.വി.ജോർജിനായിരുന്നു.

വരാപ്പുഴ കസ്റ്റഡി മരണത്തില്‍ പ്രതിരോധത്തിലായ ആഭ്യന്തര വകുപ്പ് മുഖം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് നടപടി. കസ്റ്റഡിയില്‍ ശ്രീജിത്ത് കൊല്ലപ്പെട്ട കേസില്‍ മൂന്നു പൊലീസുകാരാണ് കൊലക്കുറ്റത്തിന് അറസ്റ്റിലായിരിക്കുന്നത്. എറണാകുളം റൂറല്‍ എസ്പിയുടെ റൂറല്‍ ടൈഗര്‍ ഫോഴ്‌സ് (ആര്‍ടിഎഫ്) സ്‌ക്വാഡ് അംഗങ്ങളായ സന്തോഷ്‌കുമാര്‍, ജിതിന്‍രാജ്, സുമേഷ് എന്നിവരെയാണു പ്രത്യേകാന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

എന്നാല്‍ കേസില്‍ മുഖം നോക്കാതെ നടപടിയെടുക്കണമെന്നാണ് മുഖ്യമന്ത്രി നല്‍കിയ നിര്‍ദ്ദേശം. ശ്രീജിത്തിനെ മര്‍ദ്ദിച്ച എല്ലാ പൊലീസുകാരെയും പ്രതിചേര്‍ക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിന്റെ സൂത്രധാരനെന്ന് ആരോപണ വിധേയനായ ആലുവ റൂറല്‍ എസ്പി എവി ജോര്‍ജിനെ സ്ഥലം മാറ്റാനും സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. തൃശൂർ സിറ്റി കമ്മീഷണർ രാഹുൽ ആർ നായർക്കാണ് പകരം ചുമതല. ഇതു സംബന്ധിച്ച് ചീഫ് സെക്രട്ടറി ഉത്തരവിറക്കി.

ശ്രീജിത്തിന്‍റെ കസ്റ്റഡിമരണവുമായി ബന്ധപ്പെട്ട് ന്യായീകരണങ്ങളുമായി എവി ജോര്‍ജ് എത്തിയിരുന്നു. എവി ജോര്‍ജിനെ മാറ്റുമെന്ന് നേരത്തെ തന്നെ സൂചനയുണ്ടായിരുന്നു. വരാപ്പുഴ വീടാക്രമണവുമായി ബന്ധപ്പെട്ട് എവി ജോര്‍ജിന്‍റെ നേതൃത്വത്തിലുള്ള ആര്‍ടിഎഫ് അംഗങ്ങള്‍ കസ്റ്റഡിയിലെടുത്ത ശ്രീജിത്തടക്കമുള്ളവര്‍ യഥാര്‍ഥ പ്രതികളല്ലെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് എസ്പിയെ സ്ഥലംമാറ്റിയിരിക്കുന്നത്.

error: Content is protected !!