വ്യാജ ഹര്‍ത്താല്‍; സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പിടിയില്‍

വ്യാജ ഹര്‍ത്താലുമായി ബന്ധപ്പെട്ട് മുഖ്യ സൂത്രധാരനടക്കം അഞ്ച് പേര്‍ പൊലീസ് പിടിയിലായി. വോയിസ് ഓഫ് യൂത്ത് എന്ന പേരിലുള്ള വാട്സാപ്പ് ഗ്രൂപ്പ് വഴി പ്രാദേശികമായ ഗ്രൂപ്പുകളുണ്ടാക്കാന്‍ മുഖ്യ സൂത്രധാരന്മാരായി പ്രവര്‍ത്തിച്ചു എന്നാണ് പൊലീസ് പറയുന്നത്. പിടിയിലായവരില്‍ സംഘപരിവാറിന്റെ സജീവ പ്രവര്‍ത്തകരും. തിരുവനന്തപുരം, കൊല്ലം സ്വദേശികളായ അഞ്ച് പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രത്യേക അന്വേഷണ സംഘമാണ് ഇവരെ കസ്റ്റഡിയിലെടുത്ത്. പോസ്റ്റിനു പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി. എസ്.പി. ദേബേഷ്‌കുമാര്‍ ബെഹ്‌റയുടെ നേതൃത്വത്തിലാണ് അന്വേഷണം.

വി.എച്ച്.പി. പ്രവര്‍ത്തകര്‍കൂടിയാണ് അറസ്റ്റിലായവര്‍. ഇതില്‍ ഒരാള്‍ക്ക് രാഷട്രീയമില്ലെന്നും മറ്റൊരാള്‍ ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകനാണെന്നുമാണ് പൊലീസ് നല്‍കുന്ന വിവരം. കത്വയിലെ പെണ്‍കുട്ടിയെ അപമാനിച്ച് പോസ്റ്റിട്ടതിന് ഇവര്‍ക്കെതിരെ പോക്‌സോ ചുമത്തിയിട്ടുണ്ട്. കൂടുതല്‍ അന്വേഷണത്തിനുശേഷം കൂടുതല്‍ വകുപ്പുകള്‍ ചുമത്തും.

വോയ്‌സ് ഓഫ് യൂത്ത് എന്ന വാട്ട്സ്ആപ്പ് ഗ്രൂപ്പുകള്‍ വഴിയാണ് മലപ്പുറത്ത് സന്ദേശങ്ങള്‍ പ്രചരിപ്പിച്ചത്. കൂടാതെ ഹര്‍ത്താലിനും കലാപത്തിനും ആഹ്വാനം ചെയ്ത വാട്ട്സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിന്‍ 16 വയസുകാരനാണ്. മലപ്പുറം കൂട്ടായി സ്വദേശിയായ പത്താം ക്ലാസുകാരനാണ് ഇയാള്‍. പ്രായപൂര്‍ത്തി ആകാത്തതിനാല്‍ ഇയാളെ കസ്റ്റഡിയിലെടുത്തിട്ടില്ല. മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തിട്ടുണ്ട്. മറ്റു ചില വാട്ട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്‍മാരും പൊലീസിന്റെ നിരീക്ഷണത്തിലാണ്.

error: Content is protected !!