പാക് നയതന്ത്രജ്ഞനെ ഉള്‍പ്പെടുത്തി എന്‍ഐഎയുടെ കുറ്റവാളി പട്ടിക

പാക് നയതന്ത്രജ്ഞനെ കുറ്റവാളികളുടെ പട്ടികയിൽ ഉൾപ്പെടുത്തി എൻ ഐ എ. ആമിർ സുബൈർ സിദ്ദിഖ്‌ എന്നയാളെയാണ് ദേശീയ അന്വേഷണ ഏജൻസി കുറ്റവാളികളുടെ പട്ടികയിൽ ഉൾപ്പെടുത്തിയത്. ആദ്യമായാണ് ഒരു പാക്ക് നയതന്ത്ര ഉദ്യോഗസ്ഥനെ എൻഐഎ വാണ്ടഡ് പട്ടികയിൽ ഉൾപ്പെടുത്തുന്നതും വിവരങ്ങൾ അറിയിക്കണമെന്ന് ആവശ്യപ്പെട്ടു ചിത്രം പ്രസിദ്ധീകരിക്കുന്നതും. കൊളംബൊയിലെ പാക് ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥനാണ് ആമിർ. ഇന്ത്യക്കെതിരെ വിവിധ ആക്രമണങ്ങൾ ഇയാൾ ആസൂത്രണം ചെയ്തതായി എൻ ഐ എ അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

സിദ്ദിഖിയെ കൂടാതെ മറ്റു രണ്ടു പാക്ക് ഉദ്യോഗസ്ഥരും പട്ടികയിലുണ്ട്. 26/11 ഭീകരാക്രമണത്തിന്റെ മാതൃകയിൽ 2014ൽ തെക്കേ ഇന്ത്യയിലെ കര, നാവിക സേനാ ആസ്ഥാനങ്ങൾ തകർക്കാൻ ഗുഢാലോചന നടത്തിയെന്നാണ് ഇവർക്കെതിരായ ആരോപണം. ശ്രീലങ്കയിലെ ഹൈക്കമ്മിഷനിൽ നിയമിക്കപ്പെട്ട മറ്റൊരു പാക്കിസ്ഥാൻകാരനും ഗൂഢാലോചനയിൽ പങ്കുണ്ട്. ഇവർക്കെതിരെ റെഡ് കോർണർ നോട്ടിസ് (ആർസിഎൻ) പുറപ്പെടുവിക്കണം എന്നാവശ്യപ്പെട്ട് എൻഐഎ ഇന്റർപോളിനെയും സമീപിച്ചു.

ഫെബ്രുവരിയിൽ സിദ്ദിഖിക്കെതിരെ കുറ്റപത്രം സമർപ്പിച്ച എൻഐഎ, മറ്റു മൂന്നുപേരെ കുറിച്ചു കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ‘വിനീത്’, ‘ബോസ് എന്ന ഷാ’ എന്നിവരാണു വാണ്ടഡ് പട്ടികയിലെ മറ്റു രണ്ടു പാക്കിസ്ഥാനികൾ. ആദ്യമായാണ് ഇന്ത്യ, പാക്ക് നയതന്ത്രജ്ഞനെ വാണ്ട‍ഡ് പട്ടികയിൽപ്പെടുത്തി റെഡ് കോർണർ നോട്ടിസ് പുറപ്പെടുവിക്കുന്നതെന്ന് ഒരു ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ഏജന്റുമാരുടെ സഹായത്തോടെ ചെന്നൈയിലും മറ്റുമുള്ള തന്ത്രപ്രധാന കേന്ദ്രങ്ങൾക്കു നേരെ ആക്രമണം നടത്താനാണു പദ്ധതിയിട്ടത്. 2009നും 2016നും ഇടയിൽ കൊളംബോയിൽ സേവനമനുഷ്ഠിക്കുന്നതിനിടെയാണു ഗൂഢാലോചന നടന്നത്.

ചെന്നൈയിലെ യുഎസ് കോൺസുലേറ്റ്, ബെംഗളൂരുവിലെ ഇസ്രയേൽ കോൺസുലേറ്റ്, വിശാഖപട്ടണത്തെ ഈസ്റ്റേൺ നേവൽ കമാൻഡ് ആസ്ഥാനം, മറ്റു തുറമുഖങ്ങൾ തുടങ്ങിയവയാണ് ഇവർ ലക്ഷ്യമിട്ടത്. മുതിർന്ന സൈനിക ഉദ്യോഗസ്ഥരുടെ ലാപ്ടോപ് മോഷ്ടിക്കാനും വ്യാജനോട്ടുകൾ വിതരണം ചെയ്യാനും പാക്ക് ഉദ്യോഗസ്ഥർ ശ്രമം നടത്തിയെന്നും എൻഐഎ പറയുന്നു.

error: Content is protected !!