ലിഗയുടെ കൊലപാതകം; കൂടുതല്‍ വിവരങള്‍ പുറത്ത്

വിദേശവനിത ലിഗയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ലിഗയുടെ തലച്ചോറിൽ രക്തം കട്ടപിടിച്ചിരുന്നതായി പോസ്റ്റ് മോർട്ടം റിപ്പോർട്ട്. ഇത് ശ്വാസതടസ്സം കൊണ്ട് ഉണ്ടായതാണെന്നാണ് ഫോറൻസിക് സംഘത്തിന്‍റെ നിഗമനം.

ലിഗയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാകാം എന്ന ആദ്യ നിഗമനത്തെ സാധൂകരിക്കുന്ന രീതിയിലാണ് പുതിയ തെളിവ്. ലിഗയുടെ കഴുത്തിലും രണ്ട് കാലുകളിലും ആഴത്തിൽ മുറിവുകളുണ്ടായിരുന്നതായും പോസ്റ്റ് മോർട്ടം റിപ്പോർട്ടിലുണ്ട്. ഇത് ബലപ്രയോഗത്തിനിടയിൽ സംഭവിച്ചതാകാമെന്ന് അന്വേഷണസംഘം സംശയിക്കുന്നു.

ലിഗയുടെ ഇടുപ്പെല്ലിനും ക്ഷതമുണ്ട്. ബലത്തില്‍ പിടിച്ചുതളളിയത് പോലെയാണ് മൃതദേഹം കിടന്നിരുന്നത്. സ്ഥലപരിശോധന നടത്തിയ ഫോറൻസിക് സംഘത്തിന്‍റേതാണ് ഈ നിഗമനം.

മരണത്തിന് മുമ്പ് ലിഗയുടെ ശരീരത്തില്‍ അമിത അളവില്‍ ലഹരി ഉണ്ടായിരുന്നതായും ഫോറന്‍സിക് വിദഗ്ദര്‍ പറയുന്നു. ലിഗയുടെ രണ്ടു കാലുകളിലും മുറിവേറ്റിട്ടുണ്ട്. മൃതദേഹത്തിന് ദിവസങ്ങളോളം പഴക്കമുണ്ടായിരുന്നതിനാല്‍ രാസപരിശോധനയിലൂടെ മാത്രമേ കൂടുതല്‍ തെളിവുകള്‍ കണ്ടെത്താനാകൂ. സംഭവവുമായി ബന്ധപ്പെട്ട് നിരവധിപേരെ വിളിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നെങ്കിലും ആരും പൊലീസ് കസ്റ്റഡിയില്‍ ഇല്ലെന്ന് കേസിന്റെ മേല്‍നോട്ടം വഹിക്കുന്ന റേഞ്ച് ഐജി മനോജ് എബ്രഹാം മാധ്യമങ്ങളോട് പറഞ്ഞു. അന്തിമ റിപ്പോര്‍ട്ട് ഫോറന്‍സിക് ഇന്ന് വൈകീട്ട് പൊലീസിന് കൈമാറും.

കഴിഞ്ഞ ദിവസം ലിഗയുടെ മൃതദേഹം കിടന്നിരുന്ന കണ്ടല്‍കാട് വെട്ടിത്തെളിച്ച് നടത്തിയ പരിശോധനയില്‍ മുടിയിഴകളും ത്വക്കിന്റെ ഭാഗങ്ങളും കണ്ടെത്തിയിരുന്നു. ഇവ ലിഗയുടേതാണെന്ന് സംശയം ഉണ്ടായിരുന്നെങ്കിലും ഫോറന്‍സിക് വിദഗ്ദര്‍ നടത്തിയ പരിശോധനയില്‍ ഇത് ലിഗയുടേതല്ലെന്ന നിഗമനത്തിലെത്തിയെന്നും സൂചനയുണ്ട്.

error: Content is protected !!