ഇപ്പോള്‍ നടക്കുന്നത് പ്രശ്നം രാഷ്ട്രീയവല്‍ക്കരിക്കാനുള്ള ശ്രമം; സ്മൃതി ഇറാനി

പീഡനത്തിനെതിരായ പ്രതിഷേധങ്ങള്‍ പ്രശ്നങ്ങള്‍ രാഷ്ട്രീയവല്‍ക്കരിക്കാനുള്ള ശ്രമമാണെന്ന് സ്മൃതി ഇറാനി. ഇരയെ അപമാനിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും സ്മൃതി ഇറാനി പറഞ്ഞു. കത്വയില്‍ എട്ടുവയസുകാരി ക്രൂരമായി പീഡിപ്പിക്കപ്പെട്ട് കൊല ചെയ്യപ്പെട്ടതില്‍ പ്രതിഷേധിച്ച് ഇന്നലെ രാത്രിയില്‍ നടന്ന പ്രതിഷേധത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അവര്‍.

കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കണമെന്ന മനേകാ ഗാന്ധിയുടെ ആവശ്യത്തിന് പിന്നാലെയാണ് സ്മൃതി ഇറാനിയുടെ പരാമര്‍ശം. സംഭവങ്ങള്‍ രാഷ്ട്രീയവല്‍ക്കരിക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. നിയമവും ഭരണവും അതിന്റെ വഴിക്ക് തന്നെ പോകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇത്തരത്തില്‍ രാഷ്ട്രീയവല്‍ക്കരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുമെന്ന് പ്രതീക്ഷിച്ചത് തന്നെയാണെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

അഴിമതിയില്‍ മുങ്ങിയ ആളുകളെ കൂട്ട് പിടിക്കുകയാണ് കോണ്‍ഗ്രസ് ഇപ്പോള്‍ ചെയ്യുന്നത്. സമാജ് വാദി പാര്‍ട്ടിയുമായുള്ള കോണ്‍ഗ്രസ് ബന്ധത്തെ പരിഹസിച്ച് അവര്‍ പറഞ്ഞു. അഴിമതിക്ക് വേണ്ടി വോട്ട് ചോദിച്ചവരാണ് ഇപ്പോള്‍ പ്രതിഷേധിക്കുന്നതെന്നും അവര്‍ അമേഠിയില്‍ പറഞ്ഞു.

ഉന്നാവോയിലെ പീഡനവും കത്വയിലെ പീഡനവും ഉയര്‍ത്തി ഇന്നലെ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധം രാജ്യശ്രദ്ധ ആകര്‍ഷിച്ചിരുന്നു. ഈ സംഭവങ്ങള്‍ ബിജെപി മന്ത്രിമാരും കേന്ദ്ര നേതാക്കളും മൗനം പാലിക്കുന്നതിനെ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

error: Content is protected !!