കത്വ പീഡനക്കേസ്; ഇന്ന്‍ വിചാരണ തുടങ്ങും

രാജ്യത്തെ നടുക്കിയ കത്വ പീഡനകേസില്‍ ഇന്ന്‍ വിചാരണ തുടങ്ങും. കേസില്‍ എട്ട് പ്രതികളാണ് ഉള്ളത്. പെണ്‍കുട്ടിയെ പീഡിപ്പിക്കാനായി ഉപയോഗിച്ച ക്ഷേത്രത്തിന്റെ കെയര്‍ ടേക്കറാണ് മുഖ്യ ആസൂത്രകന്‍. സഞ്ജി റാം, ഇയാളുടെ ബന്ധു, പോലീസുദ്യോഗസ്ഥനായ ദീപക് ഖജൗരിയ, സുരേന്ദര്‍ വെര്‍മ, പര്‍വേഷ് കുമാര്‍, വിശാല്‍ ജംഗോത്ര, ഒരു പ്രായപൂര്‍ത്തിയാകാത്തയാള്‍ തുടങ്ങിയവരാണ് പ്രതികള്‍. പ്രായപൂര്‍ത്തിയാകാത്തയാളുടെ ഒഴികെയുള്ള മറ്റ് ഏഴുപേരുടെയും വിചാരണ സെഷന്‍സ് കോടതിയിലും പ്രായപൂര്‍ത്തിയാകാത്ത പ്രതിയുടെ വിചാരണ ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലും നടക്കും.

കേസന്വേഷിച്ച ക്രൈംബ്രാഞ്ച് വളരെ വേഗത്തിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം, കൊലപാതകം തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ബേക്കെര്‍വാള്‍ സമൂഹത്തില്‍ പെടുന്നവരെ പ്രദേശത്തുനിന്ന് ആട്ടിയോടിക്കുന്നതിന്റെ ഭാഗമായാണ് കൃത്യം നടത്തിയതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. കഴിഞ്ഞ ജനുവരിയിലാണ് പെണ്‍കുട്ടി ക്രൂരമായ ബലാത്സംഗത്തിനൊടുവില്‍ കൊല്ലപ്പെടുന്നത്.

കേസില്‍ രണ്ട് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറിനെയാണ് ജമ്മുകശ്മീര്‍ സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്. സിഖ് മതസ്ഥരെയാണ് കേസില്‍ സര്‍ക്കാരിന് വേണ്ടി ഹാജരാകാന്‍ നിയോഗിച്ചിട്ടുള്ളത്. ഹിന്ദു- മുസ്ലീം വര്‍ഗീയ പ്രശ്നമായി കേസ് വളരാന്‍ സാധ്യതയുള്ളതിനാലാണ് സര്‍ക്കാര്‍ രണ്ടുവിഭാഗത്തിലും പെടാത്ത രണ്ടുപേരെ പബ്ലിക് പ്രോസിക്യൂട്ടര്‍മാരായി നിയോഗിച്ചിരിക്കുന്നത്.

error: Content is protected !!