ജേക്കബ് തോമസിന് വീണ്ടും സസ്പെന്‍ഷന്‍

വിജിലന്‍സ് മുന്‍ ഡിജിപി ജേക്കബ് തോമസിനെ സര്‍ക്കാര്‍ വീണ്ടും സസ്‌പെന്‍ഡ് ചെയ്തു. സര്‍ക്കാരിന്റെ അനുമതി വാങ്ങാതെ പുസ്തകം എഴുതിയതിനെ തുടര്‍ന്നാണ് നടപടിയെടുത്തത്. ജേക്കബ് തോമസ് എഴുതിയ ‘സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍’ എന്ന പുസ്തകത്തിലെ വിവാദ വെളിപ്പെടുത്തലുകളാണ് നടപടിക്ക് കാരണമായത്. സംഭവത്തില്‍ അഖിലേന്ത്യാ സര്‍വീസ് ചട്ട ലംഘനമുണ്ടെന്നാണ് സര്‍ക്കാര്‍ കണ്ടെത്തിയിരിക്കുന്നത്.

ഓഖി ദുരന്തത്തിന്റെ പശ്‌ചാത്തലത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചപ്പോഴാണ്‌ ഐ.എം.ജി. ഡയറക്‌ടറായിരിക്കെ ജേക്കബ്‌ തോമസിനെ ആദ്യം സസ്‌പെന്‍ഡ്‌ ചെയ്‌തത്‌. സര്‍ക്കാരിന്റെ നയങ്ങളെ പരസ്യമായി വിമര്‍ശിച്ചും പ്രകോപനപരമായ പ്രസ്‌താവന നടത്തിയും അഖിലേന്ത്യാ സര്‍വീസ്‌ ചട്ടങ്ങള്‍ ലംഘിച്ചെന്നായിരുന്നു വിശദീകരണം. ഈ സസ്‌പെന്‍ഷന്‍ നാലു മാസമെത്തിയപ്പോഴാണു ചീഫ്‌ സെക്രട്ടറി പോള്‍ ആന്റണിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രണ്ടാമത്തെ സസ്പെന്‍ഷന്‍ ഉത്തരവിറങ്ങിയിരിക്കുന്നത്.

പുസ്‌തകരചനയ്‌ക്ക്‌ സര്‍ക്കാരിന്റെ അനുമതി തേടിയിരുന്നെങ്കിലും നല്‍കിയിരുന്നില്ല. സാഹിത്യരചനയെന്നു പറഞ്ഞാണ്‌ അനുമതി ചോദിച്ചതെങ്കിലും സാഹിത്യ സൃഷ്‌ടികളല്ലെന്നു ചീഫ്‌ സെക്രട്ടറി വിലയിരുത്തുന്നു. കഴിഞ്ഞ ഇടതുസര്‍ക്കാരിന്റെ കാലത്ത്‌ ടോമിന്‍ ജെ.തച്ചങ്കരിക്കും സസ്‌പെന്‍ഷനു മേല്‍ സസ്‌പെന്‍ഷന്‍ ലഭിച്ചിരുന്നു. സര്‍ക്കാരിന്റെ അനുമതിയില്ലാതെ ഖത്തര്‍യാത്ര നടത്തിയതിനു സസ്‌പെന്‍ഷനിലിരിക്കെയാണ്‌ അനധികൃത സ്വത്തിന്റെ പേരില്‍ നടപടി ആവര്‍ത്തിച്ചത്‌.

You may have missed

error: Content is protected !!