മാധ്യമപ്രവര്‍ത്തകരുടെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുന്നതായി സൂചന

മാധ്യമപ്രവര്‍ത്തകര്‍ക്ക് ആര്‍.എഫ്.ഐ.ഡി കാര്‍ഡുകള്‍ അനുവദിക്കുന്നതിനെക്കുറിച്ച് വാര്‍ത്താ വിതരണമന്ത്രാലയം ആഭ്യന്തര മന്ത്രാലയത്തിന്റെ അഭിപ്രായം തേടിയെന്നാണ് റിപ്പോര്‍ട്ട്.മാധ്യമപ്രവര്‍ത്തകരുടെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ റേഡിയോ ഫ്രീക്വന്‍സി തിരിച്ചറിയല്‍ കാര്‍ഡ് കൊണ്ടുവരാന്‍ കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയം ശ്രമം തുടങ്ങിയതായാണ് റിപ്പോര്‍ട്ട്.വ്യാജ വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമപ്രവര്‍ത്തകരുടെ അംഗീകാരം റദ്ദാക്കാനുള്ള വിവാദ സര്‍ക്കുലറിന് പിന്നാലെയാണ് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന പുതിയ ആരോപണം.

എന്നാല്‍ ഇത് ഭാവനയില്‍ വിരിഞ്ഞ കള്ളക്കഥയെന്നാണ് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ വിശദീകരണം. മാധ്യമപ്രവര്‍ത്തകര്‍ എവിടെയൊക്കെ പോകുന്നു, ഏതൊക്കെ ഓഫീസുകളില്‍ കയറുന്നു, ആരെയൊക്കെ കാണുന്നു എന്നീ കാര്യങ്ങളൊക്കെ നിരീക്ഷിക്കാന്‍ പി.ഐ.ബി അംഗീകരമുള്ള മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇലക്ട്രോ മാഗ്നറ്റിക് ചിപ്പുകളുള്ള ആര്‍.എഫ്.ഐ.ഡി നല്‍കാന്‍ നീക്കം നടക്കുന്നതായാണ് സൂചന. കാര്‍ഡ് അനുവദിച്ച് കിട്ടാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ജനുവരിയില്‍ കത്തെഴുതിയെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യം ആഭ്യന്തര മന്ത്രാലയം പരിഗണിച്ചുവരികയാണെന്നും റിപ്പോര്‍ട്ട്‌ ഉണ്ട്.

നിലവില്‍ പി.ഐ.ബി നല്‍കുന്ന അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡുകളില്‍ ചിപ്പുകളില്ല. സര്‍ക്കാര്‍ ഓഫീസുകളില്‍ പ്രവേശിക്കാന്‍ തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചാല്‍ മാത്രം മതി. എന്നാല്‍ ആര്‍.എഫ്.ഐ.ഡി കാര്‍ഡിലേക്ക് മാറുമ്പോള്‍ ഇത് സ്വൈപ് ചെയ്യുകയോ പഞ്ച് ചെയ്യുകയോ വേണ്ടി വരും. പാര്‍ലമെന്റില്‍ കഴിഞ്ഞ അഞ്ചു വര്‍ഷമായി മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവേശനം നല്‍കുന്നത് ആര്‍.എഫ്.ഐ.ഡി കാര്‍ഡ് വഴിയാണ്.

error: Content is protected !!