പോലീസ് സ്റ്റേഷനുകള്‍ ഇന്ന് പെണ്ണുങ്ങളുടെ കീഴില്‍

സംസ്ഥാന വനിതാ, ശിശു വികസന വകുപ്പ് രാജ്യാന്തര വനിതാ ദിനമായ മാര്‍ച്ച് എട്ടിന് ആരംഭിക്കുന്ന വിവിധ സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കരുത്തറിയിക്കാന്‍ സംസ്ഥാനത്തെ വനിതാ പൊലീസ് സംഘവും സജ്ജമായി. വനിതാദിനത്തില്‍ സംസ്ഥാനത്തെ പരമാവധി പൊലീസ് സ്‌റ്റേഷനുകളില്‍ വനിതാ എസ്ഐമാരായിരിക്കും എസ്എച്ച്ഒമാരായി ചുമതല വഹിക്കുക. സംസ്ഥാനത്ത് ആദ്യമായിട്ടാണ് വനിതാ ദിനത്തില്‍ വനിതകള്‍ക്കു പൊലീസ് സ്റ്റേഷനുകളുടെ പൂര്‍ണ ചുമതല നല്‍കുന്നത്. ഇത് വനിതകള്‍ക്ക് കിട്ടുന്ന വലിയൊരംഗീകാരമാണെന്ന് ആരോഗ്യ, സാമൂഹ്യനീതി, വനിതാ ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. 4167 വനിതാ പൊലീസുകാരാണ് ഇപ്പോള്‍ സംസ്ഥാനത്തുള്ളത്. ഗാര്‍ഡ് ഡ്യൂട്ടി മുതല്‍ സ്‌റ്റേഷനില്‍ വരുന്ന പരാതികള്‍ സ്വീകരിക്കുന്നതും മേല്‍നടപടികള്‍ സ്വീകരിക്കുന്നതും വനിതാ പൊലീസ് ഉദ്യോഗസ്ഥരായിരിക്കും. വനിതാ ഇന്‍സ്‌പെക്ടര്‍മാര്‍, സബ് ഇന്‍സ്‌പെക്ടര്‍മാര്‍ തുടങ്ങിയവർ ലഭ്യമല്ലാത്ത സ്‌റ്റേഷനുകളില്‍ വനിതാ സിവില്‍ പൊലീസ് ഉദ്യോഗസ്ഥയായിരിക്കും എസ്എച്ച്ഒയുടെ നിര്‍ദേശ പ്രകാരം സ്റ്റേഷന്‍ നിയന്ത്രിക്കുക. അന്നേദിവസം സംസ്ഥാന പൊലീസ് ആസ്ഥാനത്ത് ഗാര്‍ഡ് ഡ്യൂട്ടി നിര്‍വഹിക്കുന്നതും വനിതാ പൊലീസ് ആയിരിക്കും.

സ്വയം പ്രതിരോധ പരിശീലന സംഘത്തിന്റെ നേതൃത്വത്തില്‍ 1000 വനിതകള്‍ക്കു കഴക്കൂട്ടം കിന്‍ഫ്രാ പാര്‍ക്കില്‍ വച്ചു സ്വയം പ്രതിരോധ പരിശീലനവും നല്‍കുന്നു. വനിതാ പൊലീസിന്റെ നേതൃത്വത്തില്‍ കവടിയാര്‍ സ്‌ക്വയറില്‍നിന്നു കൂട്ടയോട്ടവും സംഘടിപ്പിക്കുന്നു. ഇതോടൊപ്പം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി വനിതാ പൊലീസിന്റെ നേതൃത്വത്തില്‍ സെമിനാറുകളും ശില്‍പശാലകളും സംഘടിപ്പിക്കുന്നു.

വനിതകളുടെ ശാക്തീകരണത്തിന് ഉതകുന്ന നിരവധി പ്രവര്‍ത്തനങ്ങളാണ് ഈ സര്‍ക്കാരിന്റെ കാലത്തുണ്ടായത്. 455 വനിതാ പൊലീസുകാരുടെ തസ്തിക സൃഷ്ടിച്ച് ആദ്യമായി വനിതാ ബറ്റാലിയന്‍ രൂപീകരിച്ചു. മാത്രമല്ല ഏതു സാഹചര്യവും നേരിടാനുതകുന്ന ഒരു വനിതാ കമാന്‍ഡോ ടീമിനെ സൃഷ്ടിക്കുകയും ചെയ്തു.

error: Content is protected !!