മാര്‍ത്താണ്ഡം കായല്‍ കേസ്; തോമസ്‌ ചാണ്ടിയെ സഹായിക്കാന്‍ ഹൈക്കോടതിയില്‍ ഒത്തുകളി

മുന്‍ മന്ത്രി തോമസ്‌ ചാണ്ടിക്കെതിരായ മാര്‍ത്താണ്ഡം കായല്‍ കേസില്‍ ഹൈക്കോടതിയില്‍ സ്റ്റേറ്റ് അറ്റോര്‍ണി ഒത്തുകളിച്ചുവെന്നാരോപണം. മാര്‍ത്താണ്ഡം കായല്‍ കേസില്‍ വിധി വരുന്നതിന്റെ ഒരാഴ്ച മുമ്പ് സര്‍വ്വേ റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ ആലപ്പുഴ ജില്ലാ കളക്ടര്‍ സ്റ്റേറ്റ് അറ്റോര്‍ണിക്ക് കൈമാറിയെങ്കിലും കോടതിയില്‍ ഹാജരാക്കിയില്ല. ഇതിന് പിന്നാലെയാണ് മാര്‍ത്താണ്ഡം കായലില്‍ സര്‍വ്വേ പൂര്‍ത്തിയാക്കാന്‍ മൂന്ന് മാസം സമയം അനുവദിച്ച് കൊണ്ട് കോടതി ഉത്തരവായത്. തോമസ്ചാണ്ടി കയ്യേറി നികത്തിയെന്ന് തെളിയിക്കുന്ന സര്‍വ്വേ റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് കിട്ടി കിട്ടി.

മാര്‍ത്താണ്ഡം കായലില്‍ കുട്ടനാട് എം.എല്‍.എ തോമസ് ചാണ്ടിയുടെ വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനി സര്‍ക്കാര്‍ ഭൂമിയടക്കം കയ്യേറി നികത്തിയെന്ന സംഭവത്തില്‍ കൈനകരി പഞ്ചായത്തംഗം ബി.കെ വിനോദും തൃശൂരിലെ സി.പി.ഐ നേതാവ് മുകുന്ദനും ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസില്‍ ജനുവരി 17നാണ് വിധി പറഞ്ഞത്. മൂന്ന് മാസത്തിനകം സര്‍വ്വേ നടപടികള്‍ പൂര്‍ത്തിയാക്കി നടപടികള്‍ സ്വീകരിക്കണമെന്നായിരുന്നു ഉത്തരവ്. പക്ഷേ വിധി വരുന്നതിന് മുമ്പ് തന്നെ സര്‍വ്വേ പൂര്‍ത്തിയായിരുന്നു. എന്നിട്ടും അക്കാര്യം ഹൈക്കോടതിയെ അറിയിച്ചില്ല.

തോമസ്ചാണ്ടിയുടെ നിയമ ലംഘനങ്ങളെക്കുറിച്ച് ആലപ്പുഴ ജില്ലാ കളക്ടര്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമ്പോള്‍ മാര്‍ത്താണ്ഡം കായലില്‍ വെള്ളക്കെട്ടായതിനാല്‍ സര്‍വ്വേ നടത്താന്‍ കഴിഞ്ഞിരുന്നില്ല. ഇക്കഴിഞ്ഞ ഡിസംബര്‍ മാസം 22 ന് സര്‍വ്വേ പൂര്‍ത്തിയാക്കി. പിന്നാലെ ജനുവരി എട്ടാം തീയ്യതി തുടര്‍ നടപടികള്‍ക്കായി കുട്ടനാട് തഹസില്‍ദാര്‍ക്ക് നിര്‍ദ്ദേശവും നല്‍കി. ജനുവരി പതിനൊന്നിന് വൈകുന്നേരം 7.32ന് ആലപ്പുഴ കളക്ടര്‍ സര്‍വ്വേ പൂര്‍ത്തിയാക്കിയ വിവരം കേസില്‍ ഹാജരാകുന്ന സര്‍ക്കാര്‍ അഭിഭാഷകനായ സ്റ്റേറ്റ് അറ്റോര്‍ണി കെ.വി സോഹന് കൈമാറി.

കേസില്‍ വിധി വന്നത് ജനുവരി 17നായിരുന്നു. ആറു ദിവസമുണ്ടായിട്ടും തോമസ്ചാണ്ടിയുടെ കമ്പനിയുടെ നടത്തിയ നിയമലംഘനങ്ങള്‍ കൃത്യമായി വരച്ച് കാട്ടുന്ന സര്‍വ്വേ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം ഹൈക്കോടതിയെ അറിയിച്ചില്ല. മൂന്ന് മാസത്തിനകം സര്‍വ്വേ പൂര്‍ത്തിയാക്കി നടപടി സ്വീകരിക്കണമെന്ന വിധിയും വന്നു. വിധി വരുന്നതിന് മുമ്പ് തന്നെ പൂര്‍ത്തിയാക്കി നടപടി തുടങ്ങിയ സര്‍വ്വേ റിപ്പോര്‍ട്ടിനെക്കുറിച്ച് കോടതിയില്‍ മിണ്ടിയില്ല. കുട്ടനാട് എം.എല്‍.എയുടെ കമ്പനി മാര്‍ത്താണ്ഡം കായല്‍ കയ്യേറി നികത്തിയെന്ന സുപ്രധാനമായ കേസിലാണ് സ്റ്റേറ്റ് അറ്റോര്‍ണി കെ.വി സോഹന്‍ ഈ നിലപാട് കോടതിയില്‍ സ്വീകരിച്ചത്. എന്നാല്‍ ഈ ആരോപണത്തില്‍ അടിസ്ഥാനമില്ലെന്നമായിരുന്നു സ്റ്റേറ്റ് അറ്റോര്‍ണിയുടെ നിലപാട്.

error: Content is protected !!