ജി.സുധാകരന് വയൽക്കിളികളുടെ മറുപടി

നിയമസഭയിൽ കീഴാറ്റൂർ സമരത്തെ അധിക്ഷേപിച്ച പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന് വയൽക്കിളികളുടെ മറുപടി. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന് തിമിരം ബാധിച്ചിരിട്ടുണ്ടെന്നും അടിയന്തിരമായി ശസ്ത്രക്രിയ വേണ്ടി വരുമെന്നും വയൽക്കിളി കൂട്ടായ്മയുടെ പ്രതിനിധിയായ സുരേഷ് കീഴാറ്റൂർ പറഞ്ഞു.

സിപിഎം അതിന്റെ മുൻകാല സമരചരിത്രത്തിന്റെ മുഖത്ത് കാർക്കിച്ചു തുപ്പുകയാണ്. വയൽക്കിളികൾ മന്ത്രിക്ക് വയൽക്കഴുകന്മാരാകുന്ന് സമരത്തേയും സമര ചരിത്രത്തേയും മന്ത്രി മറന്നു പോയതുകൊണ്ടാണ്. അധിക്ഷേപിക്കുന്ന ആ പ്രസ്താവന മന്ത്രി പിൻവലിക്കണം- സുരേഷ് കീഴാറ്റൂർ പറഞ്ഞു.

ഇതുവരെ വയലിൽ ഇറങ്ങാത്തവരാണ് സമരവുമായി രംഗത്തു വന്നിരിക്കുന്നത് എന്നതുൾപ്പെടെ ഇന്ന് നിയമസഭയിൽ രൂക്ഷമായ ഭാഷയിലാണ് മന്ത്രി പ്രസ്താവന നടത്തിയത്.മന്ത്രി യാഥാർഥ്യം തിരിച്ചറിയുന്നില്ല. വയലിൽ നിന്ന് അവസാനത്തെ വയൽക്കിളിയേയും പോലീസ് കൂട്ടിലടച്ചു കൊണ്ടു പോയ ശേഷമാണ് സമരപ്പന്തൽ കത്തിച്ചത്. അത് അവരിലെ ഫാസിസ്റ്റ് സ്വഭാവത്തിന്റെ ഭാഗമാണ്. സമരങ്ങളിലൂടെ വളർന്ന് വന്ന മേഖലയിലെ ഉന്നത നേതാക്കളാണ് അതിന് നേതൃത്വം കൊടുത്തത്.

ബൈപാസ് അലൈൻമെന്റിനെതിരെ ശരീരത്തിൽ ഡീസൽ ഒഴിച്ച് നേരിടേണ്ടി വന്ന നിവൃത്തികേട് കേരളം കണ്ടതാണ്. അത് ഉൾക്കൊള്ളാൻ ഭരണ പക്ഷത്തിന്റെ ഭാഗമായി നിൽക്കുന്ന പ്രമാണിമാരായ ആൾക്കാർക്ക് പോലും സാധിച്ചില്ല.

error: Content is protected !!