തോൽവി അപ്രതീക്ഷിതം, കാരണം പരിശോധിക്കും; മണിക് സർക്കാർ

ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത്രയും വലിയ പരാജയം ഉണ്ടാകുമെന്ന് പാര്‍ട്ടി കരുതിയിരുന്നില്ലെന്ന് മുന്‍ മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍. സംഭവിച്ചതെന്താണെന്ന് പരിശോധിക്കും, ഇതിനായി ഓരോ മണ്ഡലം അടിസ്ഥാനത്തിലും പാര്‍ട്ടി പരിശോധനകള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി സ്ഥാന രാജിവെച്ച ശേഷം എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

കാല്‍ നൂറ്റാണ്ട് നീണ്ട സിപിഐഎം ഭരിച്ച ത്രിപുരയിലെ പരാജയം പാര്‍ട്ടി പഠിക്കേണ്ടിയിരിക്കുന്നുവെന്നും ബൂത്ത് തലത്തില്‍ പരിശോധന നടത്തി എന്തുകൊണ്ട് പരാജയപ്പെട്ടുവെന്ന കാര്യം അപ്പോഴേ വ്യക്തമാകുമെന്നും മണിക് സര്‍ക്കാര്‍ അറിയിച്ചു.

ലാളിത്യ ജീവിതത്തിനുടമയായ മണിക് സര്‍ക്കാരിന് വന്‍സ്വീകാര്യതയായിരുന്നു ത്രിപുരയിലുണ്ടായിരുന്നത്. എന്നാല്‍ മുഖ്യമന്ത്രിയുടെ പ്രതിച്ഛായയിലൂടെ സംസ്ഥാന ഭരണം നിലനിര്‍ത്താന്‍ സിപിഐഎമ്മിനായില്ല. സംസ്ഥാനത്ത് നാല് തവണ മുഖ്യമന്ത്രിയായ നേതാവ് കൂടിയാണ് 69കാരനായ മണിക്ക് സര്‍ക്കാര്‍. തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതോടെ മണിക് സര്‍ക്കാര്‍ ഞായറാഴ്ച തന്റ രാജിക്കത്ത് ഗവര്‍ണര്‍ക്ക് കൈമാറി. ബി.ജെ.പിയുടെ യുവ നേതാവും സംസ്ഥാന അധ്യക്ഷനുമായ ബിപ്ലവ് ദേവ് മുഖ്യമന്ത്രിയാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

error: Content is protected !!