ത്രിപുരയില്‍ ബീഫ് നിരോധിക്കില്ലെന്ന് ബിജെപി

അധികാരത്തിലെത്തിയാൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ബീഫ് നിരോധിക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ ത്രിപുരയിൽ നയം വ്യക്തമാക്കി ബിജെപി. സംസ്ഥാനത്ത് ഒരു കാരണവശാലും ബീഫ് നിരോധിക്കില്ല. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ നിത്യേനയുള്ള ആഹാര രീതിയില്‍നിന്ന് ഒഴിവാക്കാനാകാത്തതാണ് ബീഫ്. ത്രിപുരയിൽ ബിജെപി വിജയത്തിനു ചുക്കാൻ പിടിച്ച ആർഎസ്എസ് പ്രവർത്തകൻ സുനിൽ ദേവ്ധർ പറഞ്ഞു .

അതേസമയം സംസ്ഥാനത്തെ ഭൂരിപക്ഷം ആവശ്യപ്പെട്ടാല്‍ ബീഫ് നിരോധിച്ചേക്കുമെന്നും ദേവ്ദര്‍ പറഞ്ഞു. ത്രിപുരയില്‍ ബി.ജെ.പി അധികാരത്തിയതോടെ ബീഫ് നിരോധിക്കുമെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. നാഷണല്‍ സാമ്പില്‍ സര്‍വ്വെ ഓര്‍ഗനൈസേഷന്‍റെ (എന്‍എസ്എസ്ഒ) കണക്ക് പ്രകാരം സ്ഥിരമായി ബീഫ് കഴിക്കുന്ന 10 വിഭാഗങ്ങളില്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ ഇടംപിടിച്ചിരുന്നു.

ബീഫ് നിരോധനം സംബന്ധിച്ചു കഴിഞ്ഞ വർഷം മേഘാലയയിൽ ബിജെപിക്കെതിരെ വൻ പ്രചാരണമുണ്ടായിരുന്നു. രാജ്യത്തു ബീഫ് നിരോധനം ഏർപ്പെടുത്താൻ പോകുന്നുവെന്ന അഭ്യൂഹങ്ങൾക്കിടെയായിരുന്നു അത്. ഗാരോ ഹിൽസിലായിരുന്നു ശക്തമായ പ്രതിഷേധം. അന്നു ബിജെപിയിൽ നിന്നു തന്നെ പലരും ബീഫ് വിഷയത്തിൽ രാജി വയ്ക്കുകയും ചെയ്തു. മേഘാലയയിൽ ബീഫ് നിരോധിക്കില്ലെന്ന പ്രസ്താവനയുമായി ബിജെപി നേതാക്കൾക്കു തന്നെ രംഗത്തിറങ്ങേണ്ടി വന്നു.

2018ലെ ബിജെപി തിരഞ്ഞെടുപ്പു വാഗ്ദാനങ്ങളിലൊന്ന് ബീഫ് നിരോധിക്കില്ല എന്നതായിരുന്നു. ബീഫ് നിരോധിക്കുകയല്ല, നല്ല ബീഫ് കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുകയാണ് വേണ്ടതെന്നും ബിജെപി അന്നു വ്യക്തമാക്കി. അതിനിടെയാണു ത്രിപുരയിലും ബിജെപി ബീഫ് നിരോധനത്തിനു ശ്രമിക്കുമെന്ന ആരോപണങ്ങളുണ്ടായത്. ഈ സാഹചര്യത്തിൽ സുനിൽ ദേവ്ധർ തന്നെ നയം വ്യക്തമാക്കി രംഗത്തു വരികയായിരുന്നു.

‘ക്രിസ്ത്യൻ–മുസ്‌ലിം വിഭാഗക്കാരാണു വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഭൂരിപക്ഷവും. ഹിന്ദുക്കളിൽ ഒരു വിഭാഗവും ഇവിടെ മാംസഭക്ഷണം കഴിക്കുന്നവരാണ്. ഈ സാഹചര്യത്തിലാണ് ബീഫ് നിരോധിക്കാനില്ലെന്നു പാർട്ടി വ്യക്തമാക്കുന്നത്’– ദേവ്ധർ പറഞ്ഞു.

രാജ്യത്ത് ഏറ്റവുമധികം ബീഫ് കഴിക്കുന്ന 10 സംസ്ഥാനങ്ങളിൽ വടക്കുകിഴക്കൻ രാജ്യങ്ങളാണു മുൻപന്തിയില്‍. മേഘാലയയിൽ മാത്രം ജനസംഖ്യയിൽ 81 ശതമാനവും ബീഫ് കഴിക്കുന്നവരാണ്.

error: Content is protected !!