തേനിയിലെ ദുരന്തം; സ്വന്തം ജീവന്‍ നോക്കാതെ ദുരന്തമുഖത്ത് വിജയലക്ഷ്മി താണ്ടിയത് എട്ട് കിലോമീറ്റര്‍

തേനിയിലെ കാട്ടുതീയില്‍ കുടുങ്ങിക്കിടക്കുകയാണ് രാജ്യമൊന്നാകെ. സമീപകാലത്തുണ്ടായതില്‍ വെച്ചേറ്റവും ദുരന്തമായ കാട്ടുതീ. എത്ര പേര്‍ രക്ഷപ്പെട്ടെന്നോ എത്രപേര്‍ കുടുങ്ങിക്കിടക്കുന്നുവെന്നോ അറിയാതെ മണിക്കൂറുകള്‍. അതിനിടയില്‍ കാട്ടുതീയില്‍ നിന്ന് രക്ഷപ്പെട്ട് വന്ന് മറ്റുള്ളവരുടെ ജീവന്‍ കൂടി രക്ഷപെടാന്‍ കാരണക്കാരിയായ ചെന്നൈ സ്വദേശി വിജയലക്ഷ്മി പറയുന്നു. “സ്വന്തം ജീവിതം മാത്രമല്ല. അപ്പോള്‍ മറ്റുള്ള മുപ്പതിലേറെ പേരുടെ ജീവനുകളും എന്റെ മുന്നില്‍ ചോദ്യചിഹ്നമായിരുന്നു”. ‘കൊടൈക്കനാല്‍ കൊളുക്കുമല വഴി കൊരങ്ങിണി വനമേഖലയിലേക്കു മടങ്ങുകയായിരുന്നു ഞങ്ങള്‍. കൊരങ്ങിണിയിലേക്ക് എട്ടു കിലോമീറ്റര്‍ മാത്രമുള്ളപ്പോഴാണു കാട്ടുതീ പടര്‍ന്നത് ‘ ബോഡിനായ്ക്കന്നൂര്‍ സര്‍ക്കാര്‍ ആശുപത്രിക്കിടക്കയിലിരുന്ന് വിജയലക്ഷ്മി പറഞ്ഞു.

തീയില്‍നിന്നു പുറത്തെത്തി അവര്‍ വിവരം അറിയിച്ചില്ലായിരുന്നുവെങ്കില്‍ ഒരു പക്ഷേ, എല്ലാം ചാരമായശേഷമാകും വിവരം പുറംലോകമറിയുക. ‘നിലവിളിച്ച് ഞങ്ങള്‍ ചിതറിയോടി. കൂട്ടത്തിലുള്ള ചിലര്‍ കാട്ടില്‍ അകപ്പെട്ടു. ഒപ്പമുണ്ടായിരുന്ന വഴികാട്ടിയും ചിതറിയോടി. മൊബൈല്‍ഫോണിലൂടെ സഹായത്തിനു വിളിക്കാന്‍ നോക്കിയെങ്കിലും ആദ്യം റേഞ്ച് കിട്ടിയില്ല. പിന്നീടും ശ്രമിച്ചു റേഞ്ച് ലഭിച്ച സമയത്താണ് ഞാന്‍ പൊലീസിനെയും വനംവകുപ്പിനെയും വിവരം അറിയിച്ചത്.

എട്ടു കിലോമീറ്റര്‍ നടന്ന് കാടിനു പുറത്തെത്തി. നാട്ടുകാരാണ് എന്നെ ബോഡിനായ്ക്കന്നൂര്‍ ആശുപത്രിയിലെത്തിച്ചത്.’ വിജയലക്ഷ്മി പറഞ്ഞു. നിസ്സാര പരുക്കുള്ള വിജയലക്ഷ്മിയെ ഇന്നലെ രാത്രി പത്തോടെ തേനി കലക്ടറേറ്റിനോടു ചേര്‍ന്നുള്ള ഗസ്റ്റ് ഹൗസിലേക്കു മാറ്റി. വിജയലക്ഷ്മി അറിയിച്ചതോടെയാണ് ബാക്കിയുള്ളവര്‍ സുരക്ഷിതരായി അടിവാരത്തുണ്ടെന്നും രക്ഷാ പ്രവര്‍ത്തനം ഉടന്‍ നല്‍കണമെന്നും പോലീസിനും അഗ്നിളമന സേനയ്ക്കും നിര്‍ദേശം നല്‍കിയത്.

error: Content is protected !!