സബ് കളക്ടര്‍ ഉള്‍പ്പെട്ട ഭൂമിയിടപാട് കേസ്; അന്വേഷണം നടത്താന്‍ നിര്‍ദേശം

വര്‍ക്കല ഭൂമി ഇടപാടിന് പിന്നാലെ സബ് കളക്ടര്‍ ദിവ്യ എസ്. അയ്യര്‍ ഇടപെട്ട കുറ്റിച്ചല്‍ പഞ്ചായത്തിലെ ഭൂമി ദാനത്തെ കുറിച്ചും അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ലാന്റ് റവന്യു കമ്മീഷണര്‍ക്ക് റവന്യു മന്ത്രിയുടെ നിര്‍ദ്ദേശം.

തിരുവനന്തപുരത്ത് കുറ്റിച്ചലില്‍ പഞ്ചായത്തിലെ ചന്തപ്പറമ്പിനോട് ചേര്‍ന്നുള്ള 83 സെന്റ് പുറമ്പോക്കില്‍ പത്ത് സെന്റ് പതിച്ചു നല്‍കിയതാണ് വിവാദത്തിന് കാരണം. വില്ലേജ് രേഖകളിലും പഞ്ചായത്ത് രജിസ്റ്ററിലും പുറമ്പോക്കെന്ന് രേഖപ്പെടുത്തിയ ഭൂമിയില്‍ പത്ത് സെന്റ് പതിച്ച് നല്‍കണമെന്നായിരുന്നു സമീപത്ത് താമസിക്കുന്ന നസീറിന്റെ ആവശ്യം.

കോണ്‍ഗ്രസ് നേതൃവുമായി അടുത്ത ബന്ധമുള്ള നസീറിന് ഈ ഭൂമി വിലയീടാക്കി പതിച്ച് നല്‍കിയ സബ് കളക്ടറുടെ നടപടിയാണ് വിവാദമായത്. വര്‍ഷങ്ങളായി നടക്കുന്ന അവകാശ തര്‍ക്കത്തിനിടെ നസീറിന്റെ അപേക്ഷ ഏഴ് തവയാണ് റവന്യു പഞ്ചായത്ത് അധികൃതര്‍ തള്ളിയത്. ഏറ്റവും ഒടുവില്‍ 2015-ല്‍ അന്നത്തെ സബ് കളര്‍ക്ക് മുന്നിലെത്തിയ നസീറിന്റെ അപേക്ഷയിന്‍ മേല്‍ തഹസില്‍ദാര്‍ നല്‍കിയ മറുപടിയില്‍ വരെ സ്ഥലം പഞ്ചായത്ത് പുറമ്പോക്കെന്നായിരുന്നു വ്യക്തമാക്കിയത്. ഈ സാഹചര്യം നിലനില്‍ക്കെയാണ് നസീറിനെ മാത്രം കേട്ട് സബ്കളക്ടര്‍ ദിവ്യ എസ് അയ്യരുടെ ഉത്തരവ്.

ഭൂമി വിട്ട് നല്‍കിയപ്പോള്‍ നിശ്ചയിച്ച വില അധികമെന്ന് ചൂണ്ടിക്കാട്ടിയാണ് നസീര്‍ ഹൈക്കോടതിയെ സമീപിച്ചത് . വര്‍ഷങ്ങളായി കൈവശമിരിക്കുന്ന ഭൂമിയാണെന്നും കരമടച്ച് വരുന്നുണ്ടെന്നുമാണ് നസീറിന്റെ വിശദീകരണം. അതേസമയം വര്‍ക്കല ഭൂമി ഇടപാട് പോലെ തന്നെ രേഖകളും നിയമങ്ങളും അനുസരിച്ച് മാത്രമാണ് കോട്ടൂരിലെ ഭൂമിയും വിട്ട് കൊടുത്തതെന്നാണ് സബ്കളക്ടര്‍ ദിവ്യ എസ് അയ്യരുടെ വിശദീകരണം. പരാതി വിശദമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് ലാന്റ് റവന്യു കമ്മീഷണര്‍ക്ക് റവന്യുവകുപ്പ് മന്ത്രി നല്‍കിയിരിക്കുന്ന നിര്‍ദേശം.

error: Content is protected !!