അതിരപ്പിള്ളി ജല വൈദ്യുത പദ്ധതി നടപ്പാക്കാനാവില്ല:മന്ത്രി എം.എം. മണി

അതിരപ്പിള്ളി ജല വൈദ്യുത പദ്ധതി നടപ്പാക്കാനാവില്ലെന്നു തിരിച്ചറിഞ്ഞതായി മന്ത്രി എം.എം. മണി. പദ്ധതി നടപ്പാക്കുന്നതിൽ മുന്നണിയിലും കോൺഗ്രസിലും എതിർപ്പുണ്ട്. അതിനാൽ സമവായ സാധ്യതകൾ കുറവാണ്. വൻകിട ജലവൈദ്യുത പദ്ധതികൾക്കു സംസ്ഥാനത്ത് ഇനി സാധ്യതയില്ലെന്നും അദ്ദേഹം ഷൊർണൂരിൽ പറഞ്ഞു.

ചാലക്കുടിപ്പുഴയിൽ പെരിങ്ങൽക്കുത്ത് ജലവൈദ്യുത പദ്ധതിയുടെ പവർ ഹൗസിൽ നിന്നു 2.52 കിലോമീറ്റർ ദൂരെയാണു പുതിയ ഡാം നിർമിക്കാൻ ഉദ്ദേശിച്ചത്. പെരിങ്ങൽക്കുത്ത് പവർ ഹൗസിൽ വൈദ്യുതി ഉൽപാദിപ്പിച്ചു പുറത്തേക്കു വിടുന്ന വെള്ളമാണ് ഇപ്പോൾ ചാലക്കുടിപ്പുഴയിലൂടെ അതിരപ്പിള്ളി വെള്ളച്ചാട്ടം വഴി കടന്നുപോകുന്നത്. പുതിയ ഡാം നിർമിക്കുകയാണെങ്കിൽ ഈ വെള്ളം മുകളിൽ തടഞ്ഞുനിർത്തും. ഡാമിൽനിന്നു മൂന്നര മീറ്റർ വ്യാസമുള്ള തുരങ്കത്തിലൂടെ വെള്ളം 4.6 കിലോമീറ്റർ ദൂരെയുള്ള കണ്ണങ്കുഴിയിൽ എത്തിച്ചാണു വൈദ്യുതി ഉൽപാദിപ്പിക്കുക. വൈദ്യുതി ഉൽപാദനത്തിനു ശേഷം ഡാമിൽനിന്ന് 7.8 കിലോമീറ്റർ താഴെ ചാലക്കുടിപ്പുഴയിലേക്കു തന്നെ ഈ വെള്ളം ഒഴുക്കിവിടും. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് 1.8 കിലോമീറ്റർ താഴെയാണ് ഈ സ്ഥലം.

ഡാമിന് 84.4 ലക്ഷം ഘനമീറ്റർ വെള്ളം ശേഖരിക്കാനുള്ള ശേഷിയേ ഉള്ളു. ഇത് ഉപയോഗിച്ച് ആറു മണിക്കൂർ വൈദ്യുതി ഉൽപാദിപ്പിക്കാം. വെള്ളം പൂർണമായും തടഞ്ഞുനിർത്തിയാൽ അതിരപ്പിള്ളി വെള്ളച്ചാട്ടം ഇല്ലാതാകും. ഈ സാഹചര്യത്തിൽ പുതിയ ഡാമിനു തൊട്ടുതാഴെ മൂന്നു മെഗാവാട്ടിന്റെ ചെറിയ വൈദ്യുത നിലവും ബോർഡ് ആസൂത്രണം ചെയ്തിട്ടുണ്ട്.

error: Content is protected !!