മലാല വീണ്ടും പാകിസ്ഥാനില്‍

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി,ഉന്നമനത്തിനായി വാദിച്ചതിന് താലിബാന്‍ ക്രൂരന്മാരുടെ വെടിയേറ്റ് വീണവള്‍.എന്നാല്‍ തന്റെ സ്വപ്‌നങ്ങള്‍ കൊണ്ട് ആ വെടിയുണ്ടകളുടെ പ്രഹരത്തെ അതിജീവിച്ചവള്‍. ആറുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം തന്റെ ജന്മനാടായ പാക് മണ്ണില്‍ കാലുകുത്തിയിരിക്കുകയാണ് മലാല യൂസഫ് സായ്. ഭീകരത നിറഞ്ഞാടുന്ന പാക് താഴ്‌വരയില്‍ അവള്‍ വീണ്ടുമെത്തില്ലന്നാണ് ലോകം വിചാരിച്ചത്. എന്നാല്‍ മുന്‍വിധിയെല്ലാം മറികടന്ന് അവള്‍ വീണ്ടുമെത്തി.

ഇന്നു പുലര്‍ച്ചെ 1.30 ഓടെയാണ് മലാല വിമാനം റാവല്‍പിണ്ടി ബേനസീര്‍ ഭൂട്ടോ രാജ്യാന്തര വിമാനത്താവളത്തിലെത്തിയത്. നാല് ദിവസത്തെ സന്ദര്‍ശനത്തിനായാണ് മലാല പാകിസ്താനില്‍ എത്തിയത്. മാതാപിതാക്കള്‍ക്കൊപ്പമാണ് മലാല പാക്മണ്ണില്‍ വീണ്ടുമെത്തിയത്. സന്ദര്‍ശനത്തില്‍ പാക് പ്രധാനമന്ത്രി ഷഹീദ് കഖാന്‍ അബ്ബാസി, സൈനിക മേധാവി ഖമര്‍ ജാവേദ് ബജ്‌വ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. എന്നാല്‍ സുരക്ഷാ കാരണങ്ങളാല്‍ മലാലയുടെ സന്ദര്‍ശനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പാക് സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല.

താലിബാന്‍ ഭീകരരുടെ വെടിയേറ്റതിനു ശേഷം ലണ്ടനില്‍ താമസിച്ചുവരികയായിരുന്ന മലാലയും കുടുംബവും ആദ്യമായാണ് പാകിസ്താനിലേക്ക് വരുന്നത്. ഈ സന്ദര്‍ശനത്തില്‍ സ്വാത് താഴ്‌വരയിലുള്ള തന്റെ കുടുംബവീട്ടില്‍ മലാലയെത്തുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

2012 ലാണ് മലാലയ്ക്കു നേരെ താലിബാന്‍ തീവ്രവാദികളുടെ ആക്രമണം ഉണ്ടാവുന്നത്. സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ബസില്‍ വച്ചാണ് ഭീകരര്‍ മലാലയ്ക്കുനേരെ നിറയൊഴിക്കുന്നത്. മലാലയ്ക്ക് 14 വയസ്സുള്ളപ്പോഴായിരുന്നു ഈ ആക്രമണം. അശ്ലീലതയുടെ എത്രയും വേഗം അവസാനിപ്പിക്കേണ്ട അധ്യായം എന്നാണ് ഭീകരര്‍ മലാലയ്ക്ക് ചാര്‍ത്തിക്കൊടുത്ത പട്ടം.

ഭീകരര്‍ക്കുമുന്നില്‍ മലാല നടത്തിയ ചെറുത്തുനില്‍പ്പിനെ പ്രകീര്‍ത്തിച്ച് 2014 ല്‍ സമാധാനത്തിനുള്ള നോബെല്‍ പുരസ്‌കാരം അവളെ തേടിയെത്തി. മലാലയുടെ ജന്മദിനമായ ജൂലൈ 12 മലാല ദിനമായാണ് ലോകം കൊണ്ടാടുന്നത്.

error: Content is protected !!