സര്‍ക്കാരിനെതിരെ മെട്രോമാന്‍; ലൈറ്റ് മെട്രോ പദ്ധതിയില്‍ സര്‍ക്കാരിന് വീഴ്ചപറ്റി

ലൈറ്റ് മെട്രോ പദ്ധതിയില്‍ സര്‍ക്കാരിന് വീഴ്ചപറ്റിയെന്ന് ഡിഎംആര്‍സി മുഖ്യഉപദേശകന്‍ ഇ ശ്രീധരന്‍. ലൈറ്റ് മെട്രോ പദ്ധതിയില്‍ ഡിഎംആര്‍സി വീഴ്ച വരുത്തിയിട്ടില്ല. സംസ്ഥാനത്തെ ലൈറ്റ് മെട്രോകള്‍ പ്രാരംഭ പ്രവൃത്തികള്‍ പോലും തുടരാതെ അനിശ്ചിതമായി നീട്ടിയത് വഴി ഡി.എം.ആര്‍.സിക്ക് വന്‍ സാമ്പത്തിക നഷ്‌ടമുണ്ടായതായി ഇ. ശ്രീധരന്‍. പ്രാരംഭ ജോലികള്‍ ഡി.എം.ആര്‍.സിയെ ഏല്‍പ്പിച്ച് സര്‍ക്കാര്‍ ഉത്തരവുണ്ടായിട്ടും കരാര്‍ ഒപ്പിട്ടില്ല. സംസ്ഥാനത്ത് രണ്ട് ഓഫീസുകള്‍ പ്രവര്‍ത്തിക്കാന്‍ പ്രതിമാസം 16 ലക്ഷം രൂപവീതം ചെലവുണ്ടെന്നും കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഇ. ശ്രീധരന്‍ പറഞ്ഞു.

2014ന് ലൈറ്റ് മെട്രോ നിര്‍മ്മാണം ഡി.എം.ആര്‍.സി ഏറ്റെടുക്കണമെന്ന് കാണിച്ച് സര്‍ക്കാര്‍ ഉത്തരവിട്ടു. എന്നാല്‍ അത് കഴിഞ്ഞ് പല തവണ ഓര്‍മ്മിപ്പിച്ചിട്ടും ഒരു നടപടിയുമുണ്ടായില്ല. സര്‍ക്കാര്‍ കമ്പനിക്ക് ഒരു ജോലിയുമില്ലാതെ ഇത്ര തുക ചെലവാക്കാനാകില്ല.
പിന്മാരുന്നതായി കഴിഞ്ഞമാസം കത്ത് നല്‍കി. മുഖ്യമന്ത്രിയെ കാണാന്‍ സമയം ചോദിച്ചെങ്കിലും കിട്ടിയില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഡി.എം.ആര്‍.സിയെ മാറ്റി മറ്റ് ഏതെങ്കിലും ഏജന്‍സികളെ പദ്ധതി ഏല്‍പ്പിക്കുന്നതിനെപ്പറ്റി കഴിഞ്ഞ ഡിസംബറില്‍ ചില ആലോചനകള്‍ നടന്നതായി അറിഞ്ഞു. ഉദ്ദ്യോഗസ്ഥരാണോ മന്ത്രിമാരാണോ ഇത് സംബന്ധിച്ച ആലോചനകള്‍ നടത്തിയതെന്ന് അറിയില്ല. അതോടെ പദ്ധതിയില്‍ നിന്ന് പിന്മാറാന്‍ തീരുമാനിക്കുകയായിരുന്നു.

ലൈറ്റ് മെട്രോ ഇതുവരെ ഇന്ത്യയില്‍ മറ്റെവിടെയും ഇല്ലാത്ത പദ്ധതിയാണ്. വിദേശത്ത് പലയിടങ്ങളില്‍ പോയാണ് ഇതിനായി പഠനം നടത്തിയത്. നിലവില്‍ ഡി.എം.ആര്‍.സി അല്ലാതെ വേറെ ഒരു സ്ഥാപനത്തിനും ഇതിന് മാത്രം സാങ്കേതിക ജ്ഞാനമില്ല. പദ്ധയില്‍ നിന്ന് വിഷമത്തോടെ പിന്മാറുകയാണ്. എന്നാല്‍ സര്‍ക്കാറിനോട് പരിഭവമില്ല. രണ്ട് പ്രോജക്ടുകളും അവസാനിപ്പിച്ച് സംസ്ഥാനത്ത് നിന്ന് പിന്മാറുകയാണെന്നും അദ്ദേഹം പറഞ്ഞു. മാര്‍ച്ച് 15 ഓടെ ഓഫീസുകള്‍ പൂട്ടും. ജീവനക്കാരെ സ്ഥലം മാറ്റി. ഡെപ്യൂട്ടേഷനില്‍ വന്ന ജീവനക്കാരെ തിരികെ അയച്ചുകൊണ്ടിരിക്കുയാണെന്നും അദ്ദേഹം പറഞ്ഞു.

error: Content is protected !!