കെഎസ് ആര്‍ടിസി പെന്‍ഷന്‍ പ്രായം കൂട്ടാന്‍ നീക്കം

കെഎസ്ആര്‍ടിസി പെന്‍ഷന്‍ പ്രായം കൂട്ടാനുള്ള നീകവുമായി വീണ്ടും സര്‍ക്കാര്‍. പെന്‍ഷന്‍ പ്രായം ഉയര്‍ത്താന്‍ പ്രൊഫ.സുശീല്‍ ഖന്നയുടെയും ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിന്റെയും നിര്‍ദേശമുണ്ടെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍. ഈ രണ്ട് പേരുടെയും നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ പരിഗണനയിലുണ്ട്. വിശദമായ ആലോചനകള്‍ക്ക് ശേഷം ഇക്കാര്യത്തില്‍ തീരുമാനം സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

കെഎസ്ആര്‍ടിക്ക് ബാങ്ക് കണ്‍സോര്‍ഷ്യം 3100 കോടി രൂപ വായ്പ നല്‍കുന്നതോടെ 40 ശതമാനം പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ സാധിക്കും. ഏപ്രില്‍ മൂന്നാം തീയതി മുതല്‍ വായ്പാ തുക ലഭ്യമാകും. കെഎസ്ആര്‍ടിസിയിലെ വരവും ചിലവും തമ്മിലുള്ള അന്തരം കുറയ്ക്കുകയെന്നതാണ് നിലവിലെ ആവശ്യമെന്നും മന്ത്രി പറഞ്ഞു.

അതേ സമയം കെഎസ്ആര്‍ടിസിയ്ക്ക് ഇരുട്ടടി നല്‍കിയ ഹൈക്കോടതി വിധി മറികടക്കാന്‍ സര്‍ക്കാര്‍ നീക്കം. കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ക്ലാസ് ബസുകളില്‍ യാത്രക്കാര്‍ നിന്നുകൊണ്ട് യാത്ര ചെയ്യുന്നത് വിലക്കിയ ഹൈക്കോടതി വിധി മറികടക്കാന്‍ മോട്ടോര്‍വാഹന ചട്ടം ഭേദഗതി ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനം. ഒരു നിശ്ചിത ശതമാനം യാത്രക്കാര്‍ക്ക് നിന്ന് യാത്ര ചെയ്യാന്‍ ഇതുവഴി സാധിക്കും.

അടുത്ത ആഴ്ച തന്നെ ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കുമെന്നും ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍ വ്യക്തമാക്കി. ഹൈക്കോടതി വിധിക്കെതിരെ പുനഃപരിശോധനാ ഹര്‍ജി നല്‍കും. യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്നും കെ.എസ്.ആര്‍.ടി.സിയുടെ അവസഥ പരിഗണിച്ചാണ് നടപടിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

error: Content is protected !!