വികസന വിരോധികളുടെ സമരം കാണാന്‍പോലും പോകരുതെന്ന് സി പി എം

കീഴാറ്റൂർ ജനകീയ സംരക്ഷണ സമിതി രൂപീകരിച്ചാണു സിപിഎമ്മിന്റെ സമരം. സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്റെ നേതൃത്വത്തിൽ പ്രകടനമായി പ്രവർത്തകർ കീഴാറ്റൂര്‍ വയലിലെത്തി ബോർഡുകള്‍ സ്ഥാപിച്ചു. വയലിൽ സർവേ നടത്തിയ സ്ഥലത്ത് ഭൂമി വിട്ടുനൽകാൻ തയാറായ ഉടമകളുടെ പേരെഴുതിയ ബോർഡുകളാണു സ്ഥാപിച്ചത്. സ്ഥലം വിട്ടു നൽകാനുള്ള അവരുടെ സമ്മതവും രേഖപ്പെടുത്തിയിട്ടുണ്ട്. ദേശീയ പാത സ്ഥലം ചുവന്ന റിബൺ കെട്ടി അടയാളപ്പെടുത്തുകയും ചെയ്തു.കീഴാറ്റൂരിൽ നിന്നു പ്രകടനമായി തളിപ്പറമ്പ് ടൗണിൽ എത്തി ടൗൺ സ്ക്വയറിൽ പൊതുയോഗം നടന്നു. കെ.കെ. രാഗേഷ് എംപി ,പി.കെ.ശ്രീമതി എംപി, ജയിംസ് മാത്യു എംഎൽഎ തുടങ്ങിയവർ പങ്കെടുക്കുത്തു.

‘കേരളം കീഴാറ്റൂരിലേക്ക്’ എന്ന പേരിൽ നടക്കാനിരിക്കുന്ന മാർച്ച് പാർട്ടി പ്രവർത്തകർ ആരും കാണാൻ പോലും പോകരുതെന്ന് സി പിഎം നിർദേശം നല്‍കി .വയൽക്കിളി സമരത്തിനു പിന്തുണയുമായി ഞായറാഴ്ച പരിസ്ഥിതി പ്രവർത്തകരുടെ നേതൃത്വത്തിൽ നടക്കാനിരിക്കുന്ന മാർച്ചിനെ അവഗണിക്കാനാണ് അണികൾക്കു സിപിഎം നേതൃത്വത്തിന്റെ നിർദേശം. കീഴാറ്റൂർ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടത്തിയ ‘വയല്‍കാവൽ’ സമര സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി പി. ജയരാജനാണ് ഇതുസംബന്ധിച്ച നിർദേശം നൽകിയത്. എന്തെങ്കിലും പ്രശ്നമുണ്ടാക്കി വാർത്താപ്രാധാന്യം കിട്ടാൻ വയൽക്കിളികൾ ശ്രമിച്ചേക്കാം. സിപിഎം പ്രവർത്തകർ അതിൽ പെടരുത്. വീണു പോയൊരു സമരത്തെ ഉയർത്തിക്കൊണ്ടുവരാനാണു ബിജെപിയുടെയും ആർഎസ്എസിന്റെയും സഹായത്തോടെ ശ്രമിക്കുന്നതെന്നും ജയരാജൻ ആരോപിച്ചു.

അതേ സമയം, കീഴാറ്റൂരിൽ വന്നു പ്രശ്നമുണ്ടാക്കാൻ ആരെങ്കിലും ശ്രമിച്ചാൽ പാർട്ടി പ്രവർത്തകർ പ്രതിരോധിക്കുമെന്നു സമ്മേളനം ഉദ്ഘാടനം ചെയ്ത സംസ്ഥാന സമിതി അംഗം എം.വി.ഗോവിന്ദൻ പറഞ്ഞു. പാലം അടക്കമുള്ള എലിവേറ്റഡ് ഹൈവേ (ആകാശപ്പാത ) കീഴാറ്റൂർ വയലിലൂടെ നിർമിക്കുകയെന്നതാണ് എൽഡിഎഫ് സർക്കാരിന്റെ നയമെന്നു സിപിഎം നേതാക്കൾ ആവർത്തിച്ചു. കീഴാറ്റൂരിൽ നിന്നു തളിപ്പറമ്പിലേക്കു മുവായിരത്തോളം പേർ പങ്കെടുത്ത ജാഥയുമുണ്ടായി.

error: Content is protected !!