ലോങ് മാര്‍ച്ച് തരംഗത്തില്‍ കിസ്സാന്‍ സംഘും, കാര്‍ഷിക പദ്ധതികള്‍ വന്‍കിട കര്‍ഷകര്‍ക്ക് വേണ്ടി

കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷകര്‍ക്കു വേണ്ടിയുള്ള പദ്ധതികളുടെ ഗുണം വന്‍കിട കര്‍ഷകര്‍ക്ക് മാത്രമാണ് ലഭിക്കുന്നതെന്ന് ആര്‍എസ്എസിന്റെ പോഷക സംഘടനയായ ഭാരതീയ കിസാന്‍ സംഘ് (ബി കെ എസ്). സാധാരണക്കാരയ കര്‍ഷകര്‍ക്ക് ബാങ്ക് വായ്പ പോലും ലഭിക്കുന്നില്ലെന്ന് ബി കെ എസ് വിലയിരുത്തി. ഈ കാര്യം നാഗ്പൂരില്‍ ആര്‍എസ്എസ് ആസ്ഥാനത്ത് നടന്ന ഉന്നതതല യോഗത്തില്‍ ബി കെ എസ് നേതാക്കള്‍ ചൂണ്ടികാട്ടി.

സിപിഐഎമ്മിന്റെ കര്‍ഷക സംഘടനയായ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ മഹരാഷ്ട്രയില്‍ കര്‍ഷകര്‍ ലോങ് മാര്‍ച്ച് നടത്തിയ വേളയിലാണ് ആര്‍എസ്എസിന്റെ കര്‍ഷക സംഘടനയും സമാനമായ നിലപാട് സ്വീകരിക്കുന്നത്. എല്‍പിജി സബ്‌സഡി മാതൃകയില്‍ കര്‍ഷകരുടെ പദ്ധതിയില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സവിശേഷ പരിഗണന നല്‍കണം. എന്നാല്‍ മാത്രമേ കേന്ദ്രത്തിന്റെ പദ്ധതിയുടെ പ്രയോജനം സാധാരണക്കാരെ തേടിയെത്തൂ. അല്ലാത്ത പക്ഷം കേന്ദ്ര സര്‍ക്കാരിന്റെ ഓപ്പേറഷന്‍ ഗ്രീന്‍ പോലെയുള്ള പദ്ധതി സമ്പന്ന കര്‍ഷകര്‍ക്ക് മാത്രമേ പ്രയോജനകരമായി മാറൂവെന്നും ബികെഎസ് വിലയിരുത്തി.

കഴിഞ്ഞ കേന്ദ്ര ബജറ്റിലാണ് ധനമന്ത്രി കര്‍ഷകര്‍ക്ക് വേണ്ടി ഓപ്പേറഷന്‍ ഗ്രീന്‍ പദ്ധതി പ്രഖ്യാപിച്ചത്. 500 കോടി രൂപ വകയിരുത്തിയ പദ്ധതിയുടെ പ്രയോജനം സാധാരണക്കാരില്‍ എത്തുന്നതിനു ശൈലി മാറ്റണമെന്നാണ് ബികെഎസ് ആവശ്യപ്പെടുന്നത്. കേന്ദ്രസര്‍ക്കാര്‍ ആര്‍എസ്എസിന്റെ പോഷക സംഘടനയുടെ ഈ നിലപാടിനെ എങ്ങനെ സ്വീകരിക്കുമെന്ന ആകാംഷയിലാണ് കര്‍ഷകര്‍.

error: Content is protected !!