സംസ്ഥാനത്ത് പെട്രോള്‍ പമ്പുകള്‍ സമരം തുടങ്ങി

സംസ്ഥാനത്തെ പെട്രോൾ പമ്പുകൾ ഇന്ന് ഉച്ചവരെ അടച്ചിടും. പമ്പുകൾക്ക് നേരെ തുടർച്ചയായുണ്ടാകുന്ന ആക്രമണങ്ങളിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്. രാവിലെ ആറുമുതല്‍ ഉച്ചക്ക് ഒരു മണി വരെയാണ് സമരം. എന്നാല്‍ കണ്ണൂര്‍, മലപ്പുറം ജില്ലകളില്‍ സമരം ബാധകമല്ല. ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ഡീലേഴ്സാണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

രാത്രികാലങ്ങളിലും മറ്റും പമ്പുകള്‍ക്ക് നേരെ അക്രമമുണ്ടാകുന്നത് പലതവണ പരാതിപ്പെട്ടിട്ടും സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഗൗരവമായി ഇടപെടുന്നില്ലെന്ന് ആരോപിച്ചാണ് സമരം. സംസ്ഥാനത്തെ മുഴുവന്‍ പമ്പുകളും അടച്ചിടുമെന്ന് അസോസിയേഷന്‍ അറിയിച്ചു. അതേ സമയം കേരള സ്റ്റേറ്റ് പെട്രോളിയം ട്രേഡേഴ്‌സ് അസോസിയേഷന്‍ സമരത്തില്‍ പങ്കെടുക്കുന്നില്ല.

കഴിഞ്ഞയാഴ്ച കോട്ടയം പമ്പാടിയില്‍ പെട്രോള്‍ പമ്പ് ജീവനക്കാരനെ ആക്രമിച്ച് 1.5 ലക്ഷം രൂപ കവര്‍ന്നിരുന്നു. ഇതോടെയാണ് സര്‍ക്കാര്‍ മതിയായ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഉടമകള്‍ സമരത്തിനിറങ്ങിയത്.

You may have missed

error: Content is protected !!