കേരള കോൺഗ്രസ്(എം) യോഗം നാളെ; ഇരുമുന്നണികളും പ്രതീക്ഷയില്‍

ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിലും രാജ്യസഭാ തിരഞ്ഞെടുപ്പിലും സ്വീകരിക്കേണ്ട രാഷ്ട്രീയ നിലപാടു തീരുമാനിക്കാൻ കേരള കോൺഗ്രസ്(എം) സ്റ്റിയറിങ് കമ്മിറ്റി യോഗം നാളെ കോട്ടയത്ത്. മാണിഗ്രൂപ്പിന്റെ ഭാവി രാഷ്ട്രീയ സമീപനം ഇതിൽ വ്യക്തമാകുമെന്നതിനാൽ രാഷ്ട്രീയകേന്ദ്രങ്ങൾ ആകാംക്ഷയിലാണ്.

ചെങ്ങന്നൂരില്‍ തെരഞ്ഞെടുപ്പ് ഫലത്തെ നിര്‍ണ്ണയിക്കാന്‍ കഴിയുന്ന സ്വാധീനമൊന്നും കേരള കോണ്‍ഗ്രസിനില്ല. പക്ഷേ തദ്ദേശ സ്ഥാപനങ്ങളില്‍ പ്രാതിനിധ്യമുണ്ട്. ഇവിടെല്ലാം യു.ഡി.എഫിനൊപ്പവുമാണ്. മണ്ഡലത്തിലെ തിരുവന്‍ വണ്ടൂര്‍ പഞ്ചായത്തില്‍ യു.ഡി.എഫിന്റെയും എല്‍.ഡി.എഫിന്‍റെയും പിന്തുണയോടെ കേരള കോണ്‍ഗ്രസ് അംഗമാണ് ഇപ്പോള്‍ പ്രസിഡന്റ്. സി.പി.ഐയുടെ എതിര്‍പ്പു മൂലം ഇടത് മുന്നണി പ്രവേശനം പ്രതിസന്ധിയിലായതോടെ കേരള കോണ്‍ഗ്രസില്‍ ആശയക്കുഴപ്പം രൂക്ഷമാണ്. കെ.എം മാണിയെ അനുനയിപ്പിക്കാന്‍ യു.ഡി.എഫും രംഗത്തുണ്ട്. ഈ സാഹചര്യത്തില്‍ ചെങ്ങന്നൂരില്‍ തത്കാലം ആരേയും പിന്തുണക്കേണ്ടതില്ലെന്ന നിലപാടിനാണ് മുന്‍ തൂക്കം. എന്നാന്‍ കേരള കോണ്‍ഗ്രസിന്റെ പിന്തുണ ഉറപ്പാണെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി.

അതേസമയം ഈ 23ലെ രാജ്യസഭാ തിരഞ്ഞെടുപ്പിൽ മാണി ഗ്രൂപ്പിന്റെ ആറ് എംഎൽഎമാർ ആർക്കു വോട്ടു ചെയ്യണമെന്ന കാര്യം നാളത്തെ യോഗത്തിൽ തന്നെ തീരുമാനിക്കേണ്ടിവരും. എൽഡിഎഫിന്റെ എം.പി.വീരേന്ദ്രകുമാറും യുഡിഎഫിന്റെ ബി.ബാബുപ്രസാദും മത്സരിക്കുന്ന തിരഞ്ഞെടുപ്പിൽ വീരേന്ദ്രകുമാറിന്റെ വിജയം സുനിശ്ചിതമാണ്. തങ്ങളുടെ ആറുപേരുടെ വോട്ട് വിജയപരാജയങ്ങളെ ബാധിക്കുന്ന ഘടകമല്ലാത്തതിനാൽ വോട്ടെടുപ്പിൽനിന്നു വിട്ടുനിൽക്കാമെന്ന നിർദേശം പരിഗണിച്ചേക്കും.

error: Content is protected !!