സി പി എമ്മുകാർ എതിർത്തതു കൊണ്ട് വികസനം നടത്താതിരിക്കണോ; പിണറായി വിജയൻ

കീഴാറ്റൂരിലെ വയല്‍സമരത്തില്‍ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. കീഴാറ്റൂരിലൂടെ മാത്രമേ നിര്‍ദിഷ്ട ബൈപ്പാസ് റോഡ് നിര്‍മ്മിക്കാന്‍ സാധിക്കൂവെന്ന് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. കീഴാറ്റൂരിന് ബദലായി ഒരു സ്ഥലമോ പാതയോ കണ്ടെത്താനോ നിര്‍ദേശിക്കാനോ സമര്‍ക്കാര്‍ക്ക് സാധിച്ചിട്ടില്ല.

ബൈപ്പാസ് നാടിന്‍റെ ആവശ്യമാണെന്നും സര്‍ക്കാര്‍ കൃഷിക്കാര്‍ക്കൊപ്പമാണെന്നും വ്യക്തമാക്കിയ മുഖ്യമന്ത്രി വസ്തുതകള്‍ മനസ്സിലാക്കിയത് കൊണ്ടാണ് സ്ഥലം വിട്ടു തരേണ്ട 60 പേരില്‍ 56 പേരും അതിന് തയ്യാറായതെന്നും ചൂണ്ടിക്കാട്ടി. സിപിഎമുകാരായ പൊതുമരാമത്ത് മന്ത്രിയും മുഖ്യമന്ത്രിയും അധികാരത്തിലുണ്ടെന്ന് കരുതി സിപിഎമ്മുകാരുടെ സമരത്തിന് വേണ്ടി വികസനം കെട്ടി നിര്‍ത്താന്‍ സാധിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വികസനത്തിന് തടസ്സം നില്‍ക്കുന്നവര്‍ നാട്ടിലുണ്ടെന്നും ഭരണപക്ഷം പ്രതിപക്ഷം എന്ന് കാണിക്കാതെ വികസന പദ്ധതികളില്‍ എല്ലാവരും ഒന്നിച്ചു നില്‍ക്കണമെന്നും മുഖ്യമന്ത്രി പ്രതിപക്ഷത്തെ ഓര്‍മ്മിപ്പിച്ചു.

അതേസമയം അധികാരത്തിന്‍റെ പുഷ്പക വിമാനത്തില്‍ പറന്നിറങ്ങിയ പത്ത് തലയുള്ള രാവണനെയാണ് കീഴാറ്റൂരില്‍ കണ്ടതെന്ന് വിഷയം സഭയുടെ ശ്രദ്ധയില്‍ കൊണ്ടു വന്ന വിഡി സതീശന്‍ ചൂണ്ടിക്കാട്ടി. അധികാരം ഉപയോഗിച്ച് വീണ്ടും സിംഗൂര്‍ ആവര്‍ത്തിക്കാന്‍ ശ്രമിച്ചാല്‍ അതനുവദിക്കില്ല.

മുന്‍പ് ബൈപ്പാസുമായി ബന്ധപ്പെട്ട അലൈന്‍മെന്‍റ തയ്യാറാക്കാനും സര്‍വേയ്ക്കുമായി വന്ന ഉദ്യോഗസ്ഥരെ തടഞ്ഞത് സിപിഎം പ്രവര്‍ത്തകരായിരുന്നുവെന്നും എന്നാല്‍ ഇന്ന് അവരെ പോലും കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ സിപിഎമ്മിനോ ഈ സര്‍ക്കാരിനോ സാധിക്കുന്നില്ലെന്നും വിഡി സതീശന്‍ ചൂണ്ടിക്കാട്ടി. തോക്കും ലാത്തിയും ഉപയോഗിച്ച് സമരത്തെ അടിച്ചമര്‍ത്താനും വയല്‍ മണ്ണിട്ട് നികത്താനുമുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. പാര്‍ട്ടിയെ എതിര്‍ക്കുന്നവരേയും ചോദ്യം ചെയ്യുന്നവരേയും കൊല്ലുന്നത് സിപിഎം അവസാനിപ്പിക്കണമെന്നും സതീശന്‍ പറഞ്ഞു. പൊതുമരാമത്ത് മന്ത്രിയുടേയും മുഖ്യമന്ത്രിയുടേയും വിശദീകരണത്തെ തുടര്‍ന്ന് സ്പീക്കര്‍ നോട്ടീസിന് അനുമതി നിഷേധിക്കുകയും ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം പിന്നീട് സഭയില്‍ നിന്നിറങ്ങിപ്പോകുകയും ചെയ്തു.

error: Content is protected !!