“നമ്മള് കൊയ്യും വയലെല്ലാം നമ്മുടേതല്ല പൈങ്കിളിയെ..”

രേണുക വടക്കന്‍ –
ന്യൂസ് വിങ്ങ്സ്

വയലിലുയിര്‍ത്ത ഒരു പ്രസ്ഥാനം,കര്‍ഷകരുടെ വിയര്‍പ്പിനാല്‍ പടര്‍ന്നു പന്തലിച്ച ഒരു പ്രസ്ഥാനം എവ്വിധമാണ് പുതുകാലത്ത് ഇത്രമേല്‍ കാര്‍ഷിക-പാരിസ്ഥിതിക വിരുദ്ധമാകുന്നതെന്നതാണ് കീഴാറ്റൂരില്‍ സമകാലിക കേരളം വീക്ഷിച്ചുകൊണ്ടിരിക്കുന്നത്.കൃഷിയെ ആത്മീയമായും ഭൗതികമായും സൈദ്ധാന്തികമായും നെഞ്ചേറ്റിയ ഒരു തലമുറ ചുരുട്ടിപ്പിടിച്ച മുഷ്ടിയുടെ മറുതലയ്ക്കല്‍ ഉയര്‍ത്തിപ്പിടിച്ച ചെങ്കൊടി എങ്ങനെയാണ് അതിവേഗ പാതയ്ക്ക് വേണ്ടി മണ്ണിട്ട്‌ നികത്താനുള്ള അതിര് നാട്ടാന്‍ ഉപയോഗിക്കപ്പെടുന്നത് എന്ന ചോദ്യമാണ് ആശയസംഘട്ടനത്തിന്റെ മുന്‍തലയ്ക്കല്‍ ഉള്ളവര്‍ ഉന്നയിക്കുന്ന പ്രധാന ചോദ്യം തന്നെ.

മാര്‍ക്സിയന്‍ പാരിസ്ഥിതിക വീക്ഷണങ്ങളെ പരിഹാസ്യമായി പ്രതിസ്ഥാനത്ത് നിറുത്തിക്കൊണ്ട് കേരളീയ കാര്‍ഷിക പശ്ചാത്തലത്തില്‍ തീര്‍ത്തും വിരുദ്ധമായി വയലിടങ്ങളും തണ്ണീര്‍ത്തടങ്ങളും നികത്തുവാനുള്ള ഭരണകൂടത്തിന്റെ നിര്‍ബന്ധം, അതേറ്റു പിടിക്കുന്ന പ്രതിസമരങ്ങള്‍ എല്ലാം തന്നെ ആ പ്രസ്ഥാനത്തിന്റെ സ്വത്വം തന്നെ പണയം വച്ചുള്ളതാണെന്നുള്ളതാണ് വാസ്തവം.

മാര്‍ക്സിയന്‍ ഇക്കോളജി പ്രകൃതിക്ക് മേലുള്ള മനുഷ്യന്റെ കടന്നുകയറ്റങ്ങള്‍ പുത്തന്‍ മൂലധനവ്യവസ്ഥയില്‍ എവ്വിധമാണ് ഗുരുതരമാവുകയെന്നത് നിരവധി സംജ്ഞകളാല്‍ തന്നെ പ്രസ്താവിച്ചിട്ടുമുണ്ട്. മണ്ണ്,വായു,ജലം തുടങ്ങിയ ഭൗതികവ്യവസ്ഥകള്‍ ഉത്പാദനത്തെ ഉദ്ദീപിപ്പിക്കുന്ന പ്രകൃത്യാനുസാരിയായ ഘടകങ്ങളാണെന്നും,അവയുടെ കരുതിവെപ്പാണ്‌ തൊഴിലിടങ്ങള്‍ രൂപപ്പെടുന്നതിന്റെ അടിസ്ഥാനമെന്നും മാര്‍ക്സ് പറഞ്ഞുവെക്കുന്നുണ്ട്.

ഇക്കോ സോഷ്യലിസമെന്ന പുതുവാര്‍പ്പ് മാതൃകകളില്‍ വയലിടങ്ങളും,തണ്ണീര്‍ത്തടങ്ങളും കാര്‍ഷികതയുടെ ആത്മസത്തയെന്നു കണ്ടുതന്നെ കരുതലോടെ നീങ്ങേണ്ടുന്ന വര്‍ത്തമാന-ദുരിതകാലം കൂടിയാണിത്.മൂലധനനിക്ഷേപം കുമിഞ്ഞുകൂടുകയും ഉത്പാദനക്ഷമത ഗണ്യമായി കുറയുകയും ചെയ്യുന്ന അനിയന്ത്രിത – അരാജകാവസ്ഥയിലേക്കുള്ള എളുപ്പവഴിയാകുന്നുണ്ട് ഓരോ കീഴാറ്റൂരും.ഒരുപക്ഷെ, ശുദ്ധപരിസ്ഥിതിവാദമുന്നയിക്കാന്‍ ഏറ്റവും യോഗ്യര്‍ മാര്‍ക്സിയന്‍ അനുയായികള്‍ തന്നെയാണെന്നതാണ് വാസ്തവം. അങ്ങിനെയെങ്കില്‍ മാര്‍ക്സിയന്‍ ദര്‍ശനങ്ങളുടെ സ്വാഭാവികവും പ്രായോഗികവുമായ പിന്തുടര്‍ച്ച തന്നെയാവുമത്.

കീഴാറ്റൂരെന്ന പാര്‍ട്ടി ഗ്രാമത്തിലെ സുദീര്‍ഘമായ കാര്‍ഷിക ചരിത്രത്തില്‍ പ്രാദേശിക കര്‍ഷകത്തൊഴിലാളികള്‍ക്കുള്ള പങ്ക് അത്രമേല്‍ പ്രസക്തമാണ്.പ്രത്യയശാസ്ത്ര പ്രബന്ധങ്ങള്‍ വയലിറങ്ങും മുന്‍പേ കൊയ്ത്തുവാളിന്റെ പ്രായോഗികപ്രത്യയശാസ്ത്രം വയല്‍പ്പച്ചയില്‍ വിതച്ച് നിറച്ചുണ്ട ഒരു ജനതയാണത്. കാര്‍ഷികതയെ നെഞ്ചേറ്റിയ,സ്വാതന്ത്ര്യകാല ദുരിതങ്ങളെ കൌമാരം കൊണ്ട് അതിജീവിച്ചുവന്ന ചെളിത്തഴമ്പുള്ള ഒരു തലമുറ. അനുഭവസമ്പത്തിനാല്‍ ഈടുവച്ച വയല്‍പ്പച്ചയാണവരുടെ സമ്പാദ്യം. നവോത്ഥാനകേരളത്തിലേക്കുള്ള ചെങ്കടലിരമ്പലില്‍ ഊരും പേരും രേഖപ്പെടുത്താത്ത ഓരോ തിരകളായി മറഞ്ഞും തെളിഞ്ഞും കടലിനു വേണ്ടി സ്വയംബലിയായവരുടെ പ്രതിനിധികളാണവര്‍.

ഉള്ളില്‍ ചുകപ്പുകാത്ത് വിരിഞ്ഞ നെല്‍വിത്തുകള്‍

മുതലെടുപ്പ് രാഷ്ട്രീയത്തിന്റെ പുത്തന്‍ കൂറ്റുകാര്‍ എല്ലാം പറന്നെത്തുന്നുവെന്നത് മാത്രമാണ് കീഴാറ്റൂര്‍ ഇന്ന് നേരിടുന്ന ഏക വെല്ലുവിളി. പ്രതിസ്ഥാനത്ത് സി പി എം എന്ന പ്രസ്ഥാനം ആണെന്ന ഒറ്റക്കാരണത്താല്‍ മാത്രമാണത്. വി എച്ച് പി യും, വെല്‍ഫെയര്‍ പാര്‍ട്ടിയും,ആര്‍ എം പിയും എന്ന് മുതലാണ്‌ വയല് കണ്ടതെന്നത്‌ രസകരമായ ചോദ്യമാകുന്നുണ്ട്. കൂടാതെ,രാജ്യത്ത് ഏറ്റവും മികച്ച ഭരണവ്യവസ്ഥ നിലവിലുള്ള (പരിസ്ഥിതി വിഷയമൊഴികെ) ഏറ്റവും മികച്ച മതേതരാന്തരീക്ഷം നിലനില്‍ക്കുന്ന കേരളത്തില്‍ നുഴഞ്ഞുകയറുവാനുള്ള കവാടമായി ഇക്കൂട്ടര്‍ കീഴാറ്റൂരിനെ കാണുന്നുവെന്നത് വസ്തുത തന്നെയാണ്.

യഥാര്‍ത്ഥത്തില്‍ രാജ്യത്തെ തന്നെ ഏറ്റവും വലിയ കേഡര്‍ പ്രസ്ഥാനങ്ങളില്‍ ഒന്നും,എണ്ണത്തില്‍ ശുഷ്കമായ-ആശയസമ്പാദ്യം മാത്രമുള്ള പരിസ്ഥിതി പ്രവര്‍ത്തകരുമാണ് ഇന്ന് കീഴാറ്റൂരില്‍ മുഖാമുഖം നില്‍ക്കുന്നത്. തങ്ങളുടെ ജീവല്‍സംസ്കൃതിയെ നശിപ്പിക്കരുതെന്ന് കര്‍ഷകര്‍ പറയുമ്പോള്‍, ഇല്ല,നിങ്ങളുടേത് വികസനവിരുദ്ധാശയങ്ങളാണെന്നും,നിങ്ങളുടെ വയല് നികത്താന്‍ ഞങ്ങള്‍ സംരക്ഷണം നല്‍കുമെന്നുമാണ് പാര്‍ട്ടി വാദിക്കുന്നത്. 24നു പാര്‍ട്ടി സംഘടിപ്പിച്ച ‘വയല് കാവല്‍’ സമരത്തില്‍ വച്ച നൂറോളം ചെങ്കൊടികള്‍ മണ്ണിടേണ്ട അതിരുകള്‍ കാണിക്കാനായിരുന്നു സ്ഥാപിച്ചത്. നമ്മള് കൊയ്യും വയലെല്ലാം നമ്മുടെതാകും പൈങ്കിളിയെ എന്നുറക്കെ പാടിക്കൊണ്ട് ജന്മിത്തത്തിന്റെ നെഞ്ചില്‍ കുത്തിനിറുത്തിയ അതെ ചെങ്കൊടി തന്നെയായിരുന്നുവത്. പുന്നെല്ലിന്റെ നിറം കൊണ്ട് ഗന്ധം കൊണ്ട് മൂര്‍ച്ച തിളങ്ങിയ അതെ കൊയ്ത്തുവാള്‍.

എഴുപതുകളില്‍ എട്ടു ലക്ഷം ഹെക്ടറില്‍ കൃഷി ചെയ്ത ഒരു ജനത നാലര പതിറ്റാണ്ട് കൊണ്ട് ഒന്നേ കാല്‍ ലക്ഷം ഹെക്ടറിലേക്ക് കൂപ്പുകുത്തിയതിന്റെ ഉത്തരം ഇവിടങ്ങളിലൊക്കെ ഒളിഞ്ഞും തെളിഞ്ഞും ഞെളിഞ്ഞിരിപ്പുണ്ട്.
” സെന്റിന് 1500 രൂപ വിലയുള്ള വയലിന് നാല് ലക്ഷം കിട്ടുമ്പോ,അതും വാങ്ങി ബാങ്കിലിട്ട് സുഖായി ജീവിച്ചാ പോരെ സുരേശാ..എന്തിനാ വയലിലെ ചെളീലെറങ്ങണത്” എന്ന് കീഴാറ്റൂരിലെ ഒരു കര്‍ഷകനെകൊണ്ട് പറയിപ്പിച്ചത് എന്തിനാണെന്നാണ് കേരളം ചോദിക്കുന്നത്. വയല് വിറ്റ കാശുകൊണ്ട് ബിഗ്‌ ബസാറില്‍ നിന്നും അരി വാങ്ങിത്തിന്ന് ജീവിക്കാമെന്ന് ഒരു കര്‍ഷക സമൂഹത്തെ പഠിപ്പിച്ചുകൊണ്ടിരിക്കുന്നത് ആരാണെന്ന് അറിയാന്‍ കുറേ പരക്കം പായേണ്ടതില്ല.നമുക്ക് പൈതൃകമായി ലഭിച്ച അനേകായിരം നാട്ടറിവുകള്‍ പേറി ജീവിക്കുന്ന മനുഷ്യരെ ചരിത്രത്തില്‍ നിന്നും തന്നെ മായിച്ചു കളയുന്ന നാണം കെട്ട പുത്തന്‍ സംസ്കാരമാണത്.

പച്ചയുടെ വയലിടം

ചെറുമലനിരകളാല്‍, ഇടനാടന്‍ ചെങ്കല്‍ക്കുന്നുകളാല്‍ ചുറ്റപ്പെട്ടുകിടക്കുന്ന തളിപ്പറമ്പ്,കുറ്റിക്കോല്‍ മേഖലകളില്‍ കീഴാറ്റൂര്‍ എത്രമാത്രം മഹത്തരമായ പാരിസ്ഥിതികകര്‍ത്തവ്യമാണ് നിര്‍വ്വഹിക്കുന്നതെന്നറിയാന്‍ കീഴാറ്റൂര്‍ വയലിന്റെ സാറ്റലൈറ്റ് വ്യു മാത്രം നോക്കിയാല്‍ മതി.

അതീവ ലോലമായ ഒരു ജൈവദൌത്യം വഹിക്കുന്ന പച്ചഭൂപടം നിങ്ങള്‍ക്ക് കാണാം. വലിയ ശരീരത്തെ നിലനിര്‍ത്തുന്ന ശ്വാസകോശം പോലെ.കോടാനുകോടി ശുദ്ധജലം സംഭരിക്കുന്ന,നൂറ്റമ്പതോളം നാട്ടുപക്ഷികളുടെ സ്വാഭാവിക ആവാസവ്യവസ്ഥ നിലനില്‍ക്കുന്ന,ശതകോടി സൂക്ഷ്മജീവവ്യവഹാരങ്ങളുള്ള നീര്‍ത്തട വ്യവസ്ഥയാണത്. അവിടെ മണ്ണിട്ടാല്‍ ചോദിക്കാന്‍ ആരുമില്ലെന്നു നമ്മള്‍ തന്നെ മുന്‍കൂട്ടി നിശ്ചയിച്ച നിസ്സഹായാവസ്ഥയില്‍ നിലനില്‍ക്കുന്നത്.എന്നാല്‍,മണ്ണിനെയറിയുന്ന,വയലറിയുന്ന കൃഷിയറിയുന്ന ഏതാനും പേര്‍ ഇവിടെ ബാക്കിയായെന്നതാണ് ഈ പ്രതിരോധത്തിന്റെ മഹത്വം കേരളം കാണാന്‍ കാരണമായത്‌.രണ്ടുദിവസം കൊടി നാട്ടിയ ശേഷം ഉദ്ദ്യോഗസ്ഥരോ,മുതലാളിമാരോ ചുരുട്ടിത്തെരുന്ന നോട്ടുകളാല്‍ കൊടി മടക്കുന്ന സാമ്പ്രദായിക വയല്‍സമരങ്ങളില്‍ നിന്നും കീഴാറ്റൂര്‍ നട്ടെല്ല് നിവര്‍ത്തിതന്നെ നിന്നു.

ഉത്തരമില്ലാത്ത എത്രയെത്ര ചോദ്യങ്ങള്‍..

ഇപ്പോഴും അവരുറക്കെ ചോദിക്കുന്നു…എന്തുകൊണ്ടാണ് നിങ്ങള്‍ വയല്‍ നികത്തുന്നതിനെക്കുറിച്ച് മാത്രം ചിന്തിക്കുന്നത്..? ആറന്മുളയില്‍ ഉയര്‍ത്തിയ കൊടിയല്ലേ മഹാരാഷ്ട്രയിലെ ലോങ്ങ് മാര്‍ച്ചിനും ഉയര്‍ത്തിയത്‌..? എന്തുകൊണ്ടാണ് കീഴാറ്റൂരില്‍ എത്തുമ്പോള്‍ കൊടിയുടെ അര്‍ത്ഥവും ഉദ്ദേശവും മാറുന്നത്..? വയല്‍ നികത്താനുള്ള 4 ലക്ഷം ലോഡ് മണ്ണിന് എത്ര കുന്നുകള്‍ ഇടിച്ചു നിരത്തും..? കീഴാറ്റൂരിലേക്ക് വരുന്നവര്‍ എങ്ങനെയാണ് അന്യനാട്ടുകാരാവുന്നത്…? മണ്‍ മറഞ്ഞ നമ്മുടെ സമര നായകരെല്ലാം അതാതു പഞ്ചായത്തില്‍ മാത്രം സമരം നടത്തിയവരാണോ..?

ചരിത്രത്തിലെ ഏറ്റവും പരിസ്ഥിതി വിരുദ്ധമായിരുന്ന കഴിഞ്ഞ യു ഡി എഫ് സര്‍ക്കാരിനെ താഴെയിറക്കി ഇടതുപക്ഷം വരാന്‍ നിരന്തരം കാമ്പയിന്‍ നടത്തിയവരാണ് യഥാര്‍ത്ഥത്തില്‍ ഇന്ന് കീഴാറ്റൂരില്‍ വയല്‍ക്കിളികളുടെ കൂടെ അണിനിരക്കുന്ന പരിസ്ഥിതി പ്രവര്‍ത്തകര്‍ എന്നതാണ് വസ്തുത. തൊഴുത്തില്‍ കെട്ടി കറവ വറ്റിയ ശാസ്ത്ര സാഹിത്യ പരിഷത്ത് പോലും വയല്‍ നികത്തലിനെതിരെ രംഗത്ത് വന്നുകഴിഞ്ഞു. ഇനിയിവിടെ ജയപരാജയങ്ങളില്ല,തിരിച്ചറിവ് മാത്രം.

error: Content is protected !!