ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്ത് രാജി വെച്ചു

പന്തില്‍ കൃത്രിമം കാണിച്ചതിനെ തുടര്‍ന്ന് വിവാദത്തിലായ ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്തും വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറും രാജിവെച്ചു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ മൂന്നാം ടെസ്റ്റിലാണ് ക്രിക്കറ്റ് ലോകത്തെ നാണക്കേടിലാക്കിയ സംഭവം അരങ്ങേറിയത്. സംഭവം വന്‍വിവാദമായതോടെ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ സ്മിത്തിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ രാജിയില്ലെന്നായിരുന്നു സ്മിത്തിന്റെ ആദ്യ നിലപാട്.

34 ടെസ്റ്റ് മത്സരങ്ങളിലും 51 ഏകദിനങ്ങളിലും ഓസ്‌ട്രേലിയയെ നയിച്ച സ്റ്റീവ് സ്മിത്തിന്റെ ബോൡ കൃത്രിമം കാണിച്ചുള്ള നടപടി രാജ്യത്തിന് തന്നെ നാണക്കേടുണ്ടാക്കിയെന്നാണ് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ വ്യക്തമാക്കിയത്. ടിം പെയിനാണ് ഓസീസിന്റെ പുതിയ ക്യാപ്റ്റന്‍.

രാജ്യത്തിന് അവമതിപ്പുണ്ടാക്കിയെന്ന് ഓസ്‌ട്രേലിയന്‍ സ്‌പോര്‍ട്‌സ് കമ്മീഷന്‍ നിലപാടറിയിച്ചതോടെ സ്മിത്തിന് മേലുള്ള സമ്മര്‍ദ്ദം ശക്തമായിരുന്നു. പന്തില്‍ കൃത്രിമം കാണിച്ചത് മനപ്പൂര്‍വമാണെന്നും ഇക്കാര്യത്തില്‍ ടീമിലെ എല്ലാവര്‍ക്കും പങ്കുണ്ടെന്ന സൂചനയും നല്‍കിയ സ്മിത്തിനെതിരേ കടുത്ത നടപടിയുണ്ടാകുമെന്നായിരുന്നു വിലയിരുത്തലുകള്‍.

മത്സരത്തില്‍ തിരിച്ചടി നേരിടുമെന്ന നിരാശയാണ് തന്നെ നാണം കെട്ട ചതിക്ക് പ്രേരിപ്പിച്ചതെന്ന് സ്മിത്ത് കുറ്റസമ്മതം നടത്തിയെങ്കിലും ക്യാപ്റ്റന്‍സി ഒഴിയില്ലെന്നായിരുന്നു സ്മിത്തിന്റെ നിലപാട്. എന്നാല്‍, ഓസ്‌ട്രേലിയന്‍ മുന്‍ താരങ്ങളും സര്‍ക്കാരും ഇക്കാര്യത്തില്‍ രൂക്ഷവിമര്‍ശനം നടത്തിയതോടയാണ് താരങ്ങളുടെ രാജിയിലേക്കെത്തിച്ചത്.

error: Content is protected !!