തളിപ്പറമ്പില്‍ ഗാന്ധി പ്രതിമയ്ക്ക് നേരെ ആക്രമണം

തളിപ്പറമ്പ് താലൂക്ക് ഓഫീസിന് മുന്നിലെ ഗാന്ധി പ്രതിമയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. പ്രതിമയില്‍ ചാര്‍ത്തിയിരുന്ന മാലയും കണ്ണടയും തകര്‍ത്ത നിലയിലാണുള്ളത്. രാവിലെ ഏഴ് മണിയോടെയാണ് സംഭവം. അജ്ഞാതനായ വ്യക്തി കല്ലെടുത്തെറിഞ്ഞുവെന്നാണ് ലഭിക്കുന്ന വിവരം. കാവി വസ്ത്രമണിഞ്ഞ ആളാണെന്നും വ്യക്തമായിട്ടുണ്ട്. താലൂക്കോഫീസ് പരിസരത്തെ ആര്‍.ടി.ഓഫീസില്‍ വാഹന രജിട്രേഷനുമായി ബന്ധപ്പെട്ട് വന്നവരാണ് പ്രതിമയെ അക്രമിക്കുന്നത് കണ്ടത്. ഇയാളെക്കുറിച്ച് പൊലീസിന് ഏകദേശ വിവരം ലഭിച്ചിട്ടുമുണ്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്.

കഴിഞ്ഞ ദിവസം രാജ്യത്തെ സാമൂഹ്യപരിഷ്‌കര്‍ത്താക്കളുടെയും നേതാക്കളുടെയും പ്രതിമ തകര്‍ത്ത സംഭവങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടിരുന്നു. ഇത്തരം സംഭവങ്ങള്‍ക്ക് അതാതിടത്തെ കളക്ടര്‍മാരും എസ്പിമാരും നേരിട്ട് ഉത്തരവാദികളായിരിക്കുമെന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. കര്‍ശന നടപടികള്‍ എടുക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദേശവും നല്‍കി. ഇതിന് പിന്നാലെയാണ് കേരളത്തിലും ഇത്തരം സംഭവം ആവര്‍ത്തിച്ചിരിക്കുന്നത്.

error: Content is protected !!