പ്രിന്‍സിപ്പളിന് ആദരാഞ്ജലി അര്‍പ്പിച്ച് അധിക്ഷേപിച്ച സംഭവത്തില്‍ നിയമനടപടിക്കൊരുങ്ങി പ്രിന്‍സിപ്പള്‍

കാഞ്ഞങ്ങാട് നെഹ്റു കോളേജില്‍ പ്രിന്‍സിപ്പളിന്റെ യാത്രയയപ്പ് ചടങ്ങിനിടയില്‍ കോളേജ്ചുവരില്‍ ‘ആദരാഞ്ജലി’ അര്‍പ്പിച്ച് പോസ്റ്റര്‍ ഒട്ടിച്ച സംഭവത്തില്‍ നിയമനടപടിക്കൊരുങ്ങി പ്രിന്‍സിപ്പള്‍. സംഭവത്തിന് പിന്നില്‍ എസ്എഫ്ഐ പ്രവര്‍ത്തകരെന്ന് പ്രിന്‍സിപ്പള്‍ പിവി പുഷ്പ ആരോപിച്ചു.

കോളേജിലെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് ഹാജര്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് പോസ്റ്ററിലേക്ക് നയിച്ചതെന്നും പ്രിന്‍സിപ്പള്‍ ആരോപിക്കുന്നു. എന്നാല്‍ ആരോപണം എസ്എഫ്ഐ പ്രവര്‍ത്തകര്‍ നിഷേധിച്ചിട്ടുണ്ട്. എന്നാല്‍ സംഭവത്തില്‍ നിയമ നടപടിയുമായി മുന്നോട്ട് പോകാന് തന്നെയാണ് തീരുമാനമെന്ന് പ്രിന്‍സിപ്പള്‍ പറഞ്ഞു.

കോണ്‍ഗ്രസ് അനുഭാവിയായ പ്രിന്‍സിപ്പള്‍ കെ എസ് യു ഒഴികെയുള്ള വിദ്യാര്‍ഥി സംഘടനകളെ എതിര്‍ക്കുന്ന നിലപാടാണ് സ്വീകരിച്ചുവരുന്നതെന്ന് എസ്എഫ്ഐ മുമ്പ് ആരോപിച്ചിരുന്നു. ഇതു സംബന്ധിച്ച് കോളേജില്‍ പ്രശ്‌നങ്ങള്‍ നടന്നുവരികയായിരുന്നു. മെയ്മാസം അവസാനത്തോടെ സര്‍വീസില്‍ നിന്ന് വിരമിക്കുന്ന പ്രിന്‍സിപ്പളിന് മറ്റ് അധ്യാപകര്‍ക്കൊപ്പം കഴിഞ്ഞദിവസമാണ് യാത്രയയപ്പ് നല്‍കിയത്.ഇതോടനുബന്ധിച്ചാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.

സംഭവുമായി എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് ബന്ധമുണ്ടോയെന്ന കാര്യം പരിശോധിക്കുമെന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്‍റ് ജയിക് സി തോമസ് വ്യക്തമാക്കി.

error: Content is protected !!