കൊടികുത്തലല്ല ആത്മഹത്യ കുറയ്ക്കണം; മുഖ്യമന്ത്രിയോട് കാനം

കൊടികുത്തല്‍ സമരം അവസാനിപ്പിക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്‌ക്കെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്ത്. പ്രവാസിയായ സുഗതന്‍ ആത്മഹത്യ ചെയ്തത് എ.ഐ.വൈ.എഫ് കൊടി നാട്ടി പണി മുടക്കിയതിനാലാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമസഭയിലെ പ്രസ്താവനക്ക് മറുപടിയായാണ് കാനത്തിന്റെ പ്രതികരണം.

നിയമവിരുദ്ധമായി വയല്‍ നികത്തിയതിനാണ് എ.ഐ.വൈ.എഫ് സമരം ചെയ്തതെന്നും നിയമവിരുദ്ധമായി നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാണിക്കാനും ശരിയല്ലെന്ന് പറയാനും എല്ലാ ബഹുജന സംഘടനകള്‍ക്കും അവകാശവും സ്വാതന്ത്ര്യവും ഉള്ള നാടാണ് കേരളമെന്നും കാനം പറഞ്ഞു. നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയാണ് സി.പി.ഐ സമരത്തിന് ഇറങ്ങുന്നത്. കൊടികുത്തുന്നത് അല്ല, സംസ്ഥാനത്ത് വര്‍ദ്ധിച്ചു വരുന്ന ആത്മഹത്യയാണ് കുറച്ചുകൊണ്ടുവരേണ്ടത്. കൊടികുത്തരുതെന്ന് പറയുകയാണെങ്കില്‍ അത് എല്ലാ കൊടികള്‍ക്കും ബാധകമാകുന്നതുപോലെ സി.പി.ഐ.എമ്മിനും ബാധകമാണെന്നും കാനം പറഞ്ഞു.

error: Content is protected !!