ജസ്റ്റിസ് ലോയയുടെ മരണം ഹൃദയാഘാതം മൂലമല്ലെന്ന് ഫോറന്‍സിക് റിപോര്‍ട്ട്

ജസ്റ്റിസ് ലോയക്ക് ഹൃദയാഘാതം ഉണ്ടായതായി ഇസിജിയില്‍നിന്ന് വ്യക്തമാകുന്നില്ലെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. ഇതിനെ സംബന്ധിക്കുന്ന റിപ്പോര്‍ട്ട് എയിംസ് ആശുപത്രി ഫോറന്‍സിക് വിഭാഗം മേധാവി ആര്‍കെ ശര്‍മ്മ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. കൂടാതെ ലോയയുടെ മരണം ഹൃദയാഘാതം മൂലമാണെന്ന മഹാരാഷ്ട്ര സര്‍ക്കാരിന്റെ വാദം എയിംസ് കാര്‍ഡിയോളജി വിഭാഗം പ്രൊഫസറായിരുന്ന ഡോ. ഉപേന്ദ്രയും തള്ളി.

സൊഹ്‌റാബുദ്ദീന്‍ വ്യാജഏറ്റുമുട്ടല്‍ കേസ് പരിഗണിച്ചിരുന്ന ജസ്റ്റിസ് ലോയയുടെ മരണത്തില്‍ ദുരുഹുതകളുണ്ടെന്നും സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജികളിലാണ് ഇപ്പോള്‍ വാദം നടന്നുകൊണ്ടിരിക്കുന്നത്.ചീഫ് ജസ്റ്റിസ് ദീപക് മിശ്രയാണ് വാദം കേള്‍ക്കുന്നത്. എന്നാല്‍ മരണത്തില്‍ ദുരൂഹതകളില്ലെന്നും ഹൃദയാഘാതമാണ് കാരണമെന്നും മഹാരാഷ്ട്ര സര്‍ക്കാര്‍ വാദിക്കുന്നത്.

ഹൃദയാഘാതത്തിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഒരു വ്യക്തിക്ക് എന്തിന് നാഡീവ്യൂഹത്തില്‍ ശസ്ത്രക്രിയ ചെയ്തുവെന്ന് ഹര്‍ജിക്കാര്‍ നേരത്തെ ചോദ്യം ചെയ്തിരുന്നു. ഇത് ശരിവയ്ക്കുന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ ആര്‍ കെ ശര്‍മ്മ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.

മഹാരാഷ്ട്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ ഇസിജി റിപ്പോര്‍ട്ട് പരിശോധിച്ചതില്‍ മരണകാരണം ഹൃദയാഘാതമാകാനുള്ള സാധ്യത വളരെ കുറവാണെന്നാണ് ഡോ.ആര്‍ കെ ശര്‍മ്മ പറയുന്നത്. അതേസമയം, തലച്ചോറിനേറ്റ ആഘാതവും , വിഷം ഉള്ളില്‍ ചെന്ന് മരണം സംഭവിക്കാനുള്ള സാധ്യതകള്‍ തള്ളിക്കളയാന്‍ കഴിയില്ലെന്നും ഡോക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ബിജെപി അധ്യക്ഷന്‍ അമിത് ഷാ പ്രതിപ്പട്ടികയിലുള്ള സൊഹ്‌റാബുദ്ദീന്‍ വ്യാജഏറ്റുമുട്ടല്‍ കേസില്‍ വാദം കേട്ടിരുന്ന ജസ്റ്റിസ് ബിഎച്ച് ലോയ 2014 ഡിസംബറിലാണ് മരിക്കുന്നത്.

error: Content is protected !!