മലപ്പുറത്ത് നടന്നത് ദുരഭിമാനക്കൊല

മലപ്പുറം അരീക്കോട് വിവാഹത്തലേന്ന് അച്ഛന്‍ മകളെ കുത്തിയ സംഭവം ദുരഭിമാനക്കൊലയാണെന്ന് പൊലീസ്. പൂവത്തുങ്കണ്ടി രാജനാണ് സ്വന്തം മകള്‍ ആതിരയെ മദ്യലഹരിയില്‍ കുത്തിക്കൊന്നത്. ദളിത് യുവാവിനെ വിവാഹം ചെയ്യാനുള്ള മകളുടെ തീരുമാനമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറയുന്നു. വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ വീട്ടില്‍ പുരോഗമിക്കുകയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.

വ്യാഴാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം നടക്കുന്നത്. ആതിര കൊയിലാണ്ടിയിലുള്ള ഒരു യുവാവും ഏറെക്കാലമായി പ്രണയത്തിലായിരുന്നു. എന്നാല്‍ ഈ ബന്ധം രാജന്‍ എതിര്‍ത്തു. എന്നാല്‍ മകള്‍ തന്റെ പ്രണയബന്ധത്തില്‍ ഉറച്ചുനിന്നതോടെ കാര്യങ്ങള്‍ പൊലീസ് സ്റ്റേഷന്‍ വരെ എത്തിയിരുന്നു. ഇപ്പോള്‍ പൊലീസ് ഇടപെട്ടാണ് കല്യാണം നടത്താന്‍ തീരുമാനിച്ചത്. കല്യാണത്തിന് രാജന് പൂര്‍ണ്ണസമ്മതമുണ്ടായിരുന്നില്ല.

ഇതിനെ തുടര്‍ന്നുള്ള വഴക്കാണ് കൊലപാതകത്തിലേക്ക് എത്തിച്ചതെന്ന് പൊലീസ് പറയുന്നു. ബഹളത്തിനൊടുവില്‍ വീട്ടിലെ കറിക്കത്തിയെടുത്താണ് മകളെ കുത്തിയത്. കുത്തേറ്റ ആതിര അയല്‍പക്കത്തെ വീട്ടിലേക്ക് ഓടിക്കയറി. തുടര്‍ന്ന ആശുപത്രിയിലേക്ക് എത്തിച്ചപ്പോഴേക്കും മരിച്ചു.

രാജനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ആതിരയുടെ മൃതദേഹം മുക്കത്തെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

error: Content is protected !!